ഇഞ്ചോടിഞ്ച് റയലും ബാഴ്‌സയും

കിരീടത്തിനായി സ്പാനിഷ് ലീഗില്‍ അക്ഷരാര്‍ത്ഥത്തില്‍ വടംവലിയാണ് നടക്കുന്നത്. റയലും, ബാഴ്‌സയും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ഒന്നാം സ്ഥാനത്ത് രണ്ട് പോയിന്റിന്റെ ലീഡുമായി നില്‍ക്കുന്ന റയലിന് തന്നെയാണ് ചെറിയ മുന്‍തൂക്കം.

ബാഴ്‌സയേക്കാള്‍ ഒരു കളി കുറച്ചാണ് കളിച്ചത് എന്ന ആനുകൂല്യവും റയലിനുണ്ട്. ഒരു പക്ഷെ ഈ മാസം അവസാനം റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടക്കുന്ന എല്‍ ക്ലാസിക്കോയുടെ രണ്ടാം പാദം സ്പാനിഷ് കിരീട ജേതാക്കളെ നിശ്ചയിച്ചേക്കും. പ്രിമേറ ലീഗ് അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ ഒരോ മല്‍സരവും നിര്‍ണായകമാവുകയാണ്. കാരണം ഒരു കളി തോല്‍ക്കുകയോ, എന്തിന് സമനിലയില്‍ ആവുകയോ പോലും ചെയ്താല്‍ അത് കിരീട സാധ്യതകളെ ബാധിക്കും. സിനദിന്‍ സിദാന്‍ എന്ന പരിസീലകന്റെ കടന്നുവരവാണ് സാന്റിയാഗോ ബര്‍ണബ്യൂവില്‍ റയലിന്റെ തലവര മാറ്റിയത്.

കളിക്കാരനായി ഒരു കാലത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ജഴ്‌സിയില്‍ പരശീലകനായി എത്തിയപ്പോഴും കാര്യങ്ങള്‍ സിദാന്റെ വരുതിയില്‍ തന്നെയായിരുന്നു. മറു വശത്ത് നൗ കാമ്പില്‍ സൂപ്പര്‍ താരങ്ങള്‍ ഏറെയുണ്ടെങ്കിലും പൊട്ടലും ചീറ്റലും ഏറെയായിരുന്നു. പരിശീലകന്‍ എന്റിക്കെയും, മെസിയും തമ്മിലുള്ള പടലപ്പിണക്കം അവരുടെ പ്രകടനത്തെ സാരമായി ബാദിച്ചു. ഒടുവില്‍ മാനേജ്‌മെന്റിന്റെ ഇടപെടലില്‍ ഇരുവരും താല്‍ക്കാലിക വെടി നിര്‍ത്തലിലാണ്.

ലീഗിന്റെ പകുതിയില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയത് അവരുടെ മുന്നേറ്റത്തെ സാരമായി ബാധിച്ചു. എന്നാല്‍ പിന്നീട് ആ തിരിച്ചടിയെ മറികടക്കാന്‍ കഴിഞ്ഞെങ്കിലും മറുവശത്ത് റയല്‍ വിജയ വഴിയില്‍ തന്നെയായിരുന്നു. ഇത്തവണയും ബാഴ്‌സക്കും, റയലിനുമപ്പുറം വേറൊരു പേര് ഇല്ല എന്നത് തന്നെയാണ് സ്പാനിഷ് ലീഗിന്റെ ബാക്കി പത്രം. ആദ്യ ഘട്ടത്തില്‍ ഒപ്പത്തിനൊപ്പം കുതിച്ച അത്‌ലറ്റിക്ക മാഡ്രിഡ് പാതി വഴിയില്‍ വീണതും പ്രിമേറ ലീഗിനെ ബിഗ് ടുവിലേക്ക് ഒതുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel