ഹണിട്രാപ്പ് വിവാദം; മംഗളം സിഇഒ അജിത്കുമാർ അടക്കം 9 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റിവച്ചു

കൊച്ചി: ഹണിട്രാപ്പ് കേസിൽ മംഗളം സിഇഒ ഉൾപ്പടെ 9 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ചോദ്യം ചെയ്യലിനു ഹാജരാകാതെ പ്രതികൾ പൊലീസിനെ വഞ്ചിച്ചുവെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മംഗളം സിഇഒ അജിത് കുമാർ ഉൾപ്പടെ 9 പ്രതികളാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഐടി ആക്ട് പ്രകാരമാണ് തങ്ങൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ മാധ്യമപ്രവർത്തകർക്ക് അനുവദനീയമായ സ്റ്റിംഗ് ഓപ്പറേഷൻ മാത്രമാണ് നടത്തിയതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. അതേസമയം പ്രതികൾ പൊലീസിനെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇന്നലെ രാതി 10 മണിക്ക് മുൻപായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പ്രതികൾ ഉറപ്പ് നൽകിയതാണ്. ഐജി ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ കാത്തു നിന്നെങ്കിലും ഇവർ ഹാജരായില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

കൂടാതെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് പ്രതിഭാഗം അറിയിച്ചു. ഇതേതുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുന്നതായി കോടതി അറിയിക്കുകയായിരുന്നു. അതുവരെ അറസ്റ്റു ചെയ്യുന്നത് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

പ്രോസിക്യൂഷൻ ഉറപ്പ് നൽകിയാൽ അക്കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. എന്നാൽ പ്രോസിക്യൂഷൻ അതു സംബന്ധിച്ച് ഉറപ്പ് നൽകിയില്ല. ഇതേതുടർന്നാണ് അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ആവശ്യത്തിൽ ഇപ്പോൾ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News