ബാഗിനുള്ളിൽ ഗ്രനേഡ് സൂക്ഷിച്ചത് മേജർ പറഞ്ഞിട്ട്; വിമാനത്താവളത്തിൽ പിടിയിലായ സൈനികന്റെ മൊഴി

ദില്ലി: ബാഗിനുള്ളിൽ ഗ്രനേഡുമായി കടക്കാൻ ശ്രമിച്ചത് മേജർ സാബ് പറഞ്ഞിട്ടാണെന്നു രാവിലെ വിമാനത്താവളത്തിൽ പിടിയിലായ സൈനികന്റെ മൊഴി. മേജർ പറഞ്ഞിട്ടാണ് ഗ്രനേഡ് ബാഗിൽ സൂക്ഷിച്ചതെന്നാണ് സൈനികൻ പൊലീസിനു മൊഴി നൽകിയത്. അതേസമയം സൈനികന്റെ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്താൻ സാധിക്കൂവെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

ഇന്നു രാവിലെയാണ് രണ്ടു ഗ്രനേഡുകളുമായി ദില്ലിയിലേക്കു കടക്കാൻ ശ്രമിച്ച സൈനികനെ സുരക്ഷാസേന പിടികൂടിയത്. 17 ജെഎകെ റൈഫിൾസിലെ സൈനികൻ ഭുപൽ മുഖിയയാണ് പിടിയിലായത്. ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ ഇദ്ദേഹത്തെ ഉറി സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപമാണ് നിയമിച്ചിരുന്നത്.

രാജ്യത്ത് കനത്ത സുരക്ഷയിലുള്ള വിമാനത്താവളങ്ങളിലൊന്നാണ് ശ്രീനഗർ. എന്നാൽ സൈനിക ഗേറ്റിലൂടെ ഉള്ളിൽ കടന്നതിനാൽ ഭുപലിന് സുരക്ഷാപരിശോധന നടത്തേണ്ടതായി വന്നില്ല. പക്ഷേ ബാഗേജ് പരിശോധിച്ചപ്പോൾ ഗ്രനേഡുകൾ കണ്ടെത്തുകയായിരുന്നു.

ഭീരാക്രമണങ്ങൾ അടിക്കടി ഉണ്ടാകാറുള്ള ശ്രീനഗറിൽ ഞായറാഴ്ച ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും 14 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സന്ദർശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here