ആർഎസ്എസിനെതിരെ ഡിഎസ്എസുമായി ലാലു പ്രസാദിന്റെ മകൻ; ലക്ഷ്യം വർഗീയ സംഘടനകൾക്കെതിരായ ശക്തമായ പ്രതിരോധം

പട്‌ന: ആർഎസ്എസിനെതിരെ ഡിഎസ്എസ് എന്ന സംഘടനയുമായി ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ് രംഗത്തെത്തി. ധർമനിരപേക്ഷക് സേവക് സംഘ് എന്നു പേരിട്ടിരിക്കുന്ന സംഘടന ആർഎസ്എസിന്റെ വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചിരിക്കുന്നത്. ഇതു വെറും ട്രയൽ മാത്രമാണെന്നും യഥാർത്ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും തേജ് പ്രദാപ് യാദവ് രഥയാത്രയിൽ പറഞ്ഞു.

ഡിഎസ്എസ്, ആർഎസ്എസിനെ കീഴടക്കുമെന്നു തേജ്പ്രതാപ് യാദവ് പറഞ്ഞു. ആർഎസ്എസിന്റെ വർഗീയ അജണ്ടകൾക്കു പ്രതിരോധം തീർക്കുന്നതായിരിക്കും ഈ സംഘടന. ഇന്നു രാജ്യത്ത് ആർഎസ്എസ് മതഭ്രാന്ത് വളർത്തുകയാണെന്നും തേജ്പ്രദാപ് യാദവ് പറഞ്ഞു. ആദ്യമായി ബിഹാറിൽ ഡിഎസ്എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്രമം. എല്ലാ മതങ്ങളിലും സമുദായങ്ങളിലും ഉള്ളവരെ ഉൾക്കൊള്ളിച്ച് ആർഎസ്എസിനെ പ്രതിരോധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തേജ് പ്രതാപിന്റെ സഹോദരനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു.

യുപിയിൽ ഹിന്ദു യുവവാഹിനി എന്ന സംഘടനയുണ്ടാക്കി യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ആർഎസ്എസ് നടത്തിയ രാഷ്ട്രീയതന്ത്രങ്ങൾ ബിഹാറിൽ പയറ്റുന്നത് തടയിടുകയും ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കുകയുമാണ് ഡിഎസ്എസിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ചേർത്തിരിക്കുന്ന പച്ച നിറമുള്ള കൊടിയാണ് ഡിഎസ്എസിന്റേത്.

അതേസമയം, ഡിഎസ്എസ് രൂപീകരണത്തെ പരിഹസിച്ച് ബിജെപി മുതിർന്ന നേതാവ് സുശീൽകുമാർ മോദി രംഗത്തെത്തി. തേജ് പ്രതാപ് യാദവ് ആദ്യം ആർഎസ്എസിൽ ചേർന്ന് ഭാരത് മാതാ കീ ജയ് വിളിച്ച് പരിചയമുണ്ടാക്കട്ടെയെന്നു സുശീൽകുമാർ മോദി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here