അമ്മ മരിച്ചതോടെ കുഞ്ഞ് കരച്ചിലോടു കരച്ചിൽ; കേട്ടു സഹിക്കാനാകാതെ പിതാവ് ജീവനൊടുക്കി; ഭാര്യയില്ലാത്ത ലോകത്ത് ഒറ്റപ്പെട്ടെന്ന് ആത്മഹത്യാകുറിപ്പ്

ദില്ലി: അമ്മ മരിച്ചതോടെ അമ്മയെ കാണണം എന്ന് ആവശ്യപ്പെട്ട് കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ കേട്ടു സഹിക്കാനാകാതെ പിതാവ് ജീവനൊടുക്കി. ഭാര്യയില്ലാത്ത ലോകത്ത് ഒറ്റപ്പെട്ടെന്നു പറഞ്ഞ് കത്തെഴുതി വച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ‘അമ്മയെ കാണണം എന്നാവശ്യപ്പെട്ട് മകൻ കരഞ്ഞു കൊണ്ടേയിരിക്കുന്നു. അവന്റെ കരച്ചിൽ കേട്ടു കൊണ്ടിരിക്കാൻ കഴിയുന്നില്ല. ഭാര്യയില്ലാത്ത ലോകത്ത് ഒറ്റപ്പെട്ടതായി തോന്നുന്നു. അതിനാൽ ഞാനും അവളുടെ അടുത്തേക്ക് പോകുന്നു’-ഇങ്ങനെയാണ് രണ്ടു വയസ്സുകാരന്റെ പിതാവ് ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചിരുന്നത്.

കിഴക്കൻ ദില്ലിയിലെ കൈലാഷ് നഗർ സ്വദേശി വിജയ് ദ്വിവേദിയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ പ്രിയ പത്തു ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു. അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകണമെന്നു പറഞ്ഞ് രണ്ടു വയസുകാരൻ മകൻ കരയുന്നത് കാണുമ്പോൾ തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിനാൽ താനും ഭാര്യയ്ക്ക് അടുത്തേക്ക് പോവുകയാണെന്നും വിജയ് ദ്വിവേദി ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു.

മാർച്ച് 22നാണ് പ്രിയയെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ഫാനിൽ തന്നെ വിജയ് ദ്വിവേദിയും തൂങ്ങിമരിക്കുകയായിരുന്നു. ലഖ്‌നൗ സ്വദേശികളായ വിജയിയും പ്രിയയും 2013ലാണ് വിവാഹിതരായത്. വസ്ത്ര നിർമ്മാണശാലയിലെ ജോലിക്കാരനാണ് മരിച്ച വിജയ്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പ്രയയെ ആത്മഹത്യയിലേക്കു നയിച്ചത്.

വിജയിയുടെ മൂത്ത സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത് പ്രിയയുടെ മൂത്ത സഹോദരിയെയാണ്. പ്രിയ മരിച്ചതിനു പിന്നാലെ വിജയ് കടുത്ത നിരാശയിലായിരുന്നെന്ന് സഹോദരൻ പറയുന്നു. ശനിയാഴ്ച രാവിലെ ഉണർന്നു നോക്കിയപ്പോൾ വിജയിയെ കാണാനില്ലായിരുന്നെന്നും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും സഹോദരൻ പറയുന്നു. അതേസമയം കുഞ്ഞിന്റെ സംരക്ഷണം വിജയിയുടെ സഹോദൻ ഏറ്റെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like