ആരാധികയുടെ ധൈര്യം; അതല്ലങ്കില്‍ അഹങ്കാരം; ഒടുവില്‍ ഹീറോയിസത്തിന് അംഗീകാരം

ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ. ആയിരക്കണക്കിന് നീലക്കുപ്പായമിട്ട ഷാല്‍ക്കെ അനുയായികള്‍ക്ക് ഒപ്പം മഞ്ഞക്കുപ്പായത്തില്‍ ഒരാള്‍ മാത്രം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മഞ്ഞ ജഴ്‌സിയില്‍ ഒരാരാധിക. ഇതില്‍ എന്താണ് പുതുമയെന്നോ വാര്‍ത്തയെന്നോ സംശയിക്കുന്നവര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഷാല്‍ക്കെ ടീമുകളെക്കുറിച്ചറിയണം, അവരുടെ ആരാധകര്‍ തമ്മിലുള്ള പകയുടെ ആഴം എന്തെന്ന് അറിയണം.

ലോക ഫുട്‌ബോളില്‍ എന്നല്ല, ജര്‍മന്‍ ബുന്ദസ് ലിഗയിലെ അറിയപ്പെടുന്ന ശത്രുക്കളാണ് ഷാല്‍ക്കെയും ബൊറൂസിയയും. ആരാധകരുടെ കാര്യവും അങ്ങനെ തന്നെ. ബുന്ദസ് ലിഗ ലീഗിനിടെ ഇരു ടീമുകളുടെ ആരാധകര്‍ക്കും സ്റ്റേഡിയത്തിന്റെ രണ്ടിടങ്ങളിലാണ് ഇരിപ്പടമൊരുക്കുക. ഇത്തരം പ്രത്യേക ബ്ലോക്കുകളില്‍ എതിര്‍ ടീമിന്റെ ആരാധകര്‍ സാധാരണ കടന്നുവരാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഡെര്‍ബിയില്‍ ബൊറൂസിയയുടെ സ്‌പെയിന്‍ താരം മാര്‍ക്ക് ബാര്‍ട്രയുടെ കളിക്കുപ്പായ നമ്പര്‍ അണിഞ്ഞെത്തിയ ആരാധിക ഷാല്‍ക്കെയുടെ ആരാധകര്‍ക്കൊപ്പമിരുന്ന് കളി കണ്ടു. ഷാല്‍ക്കെ ആരാധകര്‍ക്ക് റിസര്‍വ് ചെയ്ത ഗാലറിയില്‍ ഷാല്‍ക്കെയുടെ അംഗം എന്ന നിലയിലാണ് ആരാധിക കളികാണാനെത്തിയതും. ഷാല്‍ക്കെയുടെ ടിക്കറ്റുമായി തന്റെ ഇഷ്ടതാരത്തിന്റെ ജഴ്‌സിയണിഞ്ഞ് തന്റെടത്തോടെ നീലക്കുപ്പായക്കാര്‍ക്കിടയിലിരുന്ന് മുഴുവന്‍ സമയവും കളികാണാനും ആരാധിക തയ്യാറായി.

Bartra-2

ബുന്ദസ് ലിഗയിലെ ഈ വിചിത്ര രംഗം ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കണ്ടു, ഒപ്പം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മാര്‍ക്ക് ബാര്‍ട്രയും. തന്റെ ആരാധികയുടെ ഹീറോയിസത്തെ അംഗീകരിക്കാന്‍ ബാര്‍ട്രയും തയ്യാറായി. ആരാധികയെ നേരില്‍ കാണാനും പരിചയപ്പെടാനും താല്‍പര്യമുണ്ടെന്ന ബാര്‍ട്രയുടെ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഒടുവില്‍ ഹീറോയിസം കാട്ടിയ ആരാധികയെക്കുറിച്ചുള്ള വിവരങ്ങള്‍ ക്ലബ്ബിനും ബാര്‍ട്രയ്ക്കും ലഭിച്ചു. ലിയുനന്‍ മേഖലയിലെ 47കാരിയായ ഒരു വീട്ടമ്മയാണ് ഈ അസാധാരണ ഹീറോയിസം കാട്ടിയത്. വീട്ടമ്മയുടെ സാഹസത്തെ അംഗീകരിക്കുവാന്‍ ബാര്‍ട്രയും തയ്യാറായി. ഡെര്‍ബിയില്‍ മഞ്ഞക്കുപ്പായത്തില്‍ നീലപ്പടയ്‌ക്കൊപ്പമിരുന്ന സാഹസത്തിന് തന്റെ കയ്യൊപ്പുള്ള ജഴ്‌സിയാണ് ബാര്‍ട്ര വാഗ്ദാനം ചെയ്തത്. ഒപ്പം ബൊറൂസിയയുടെ അടുത്ത മത്സരം നേരില്‍ കാണാനുള്ള ക്ഷണവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News