പിന്തുണയില്‍ വെല്ലാന്‍ ലോകത്താരുമില്ലെന്ന് തെളിയിച്ച് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും

ആരാധക പിന്തുണയില്‍ തങ്ങളെ വെല്ലാന്‍ ലോകത്താരുമില്ലെന്ന് ചരിത്ര നേട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ് സ്പാനിഷ് ലീഗ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും, ബാഴ്‌സലോണയും. ഫേസ്ബുക്കില്‍ 10 കോടി ലൈക്കുകള്‍ നേടിയാണ് റയലും ബാഴ്‌സയും ചരിത്രം കുറിച്ചത്.

ആരാധക പിന്തുണ തേടിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു റയലും ബാഴ്‌സയും തമ്മില്‍ നടന്നത്. ഇരു ടീമുകളും ആരാധക പിന്തുണക്കായി ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്തപ്പോള്‍ റയലാണ് പത്ത് കോടിയെന്ന ചരിത്ര സംഖ്യയിലേക്ക് ആദ്യം ടിക്കറ്റെടുത്തത്. ഒരു മണിക്കൂറിനുള്ളില്‍ 10 കോടി ക്ലബില്‍ കടന്ന് ബാഴ്‌സയും കരുത്ത് തെളിയിച്ചു. എല്ലാ പിന്തുണയും തന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രണ്ട് ക്ലബുകളും പോസ്റ്ററുകളും പുറത്തിറക്കി.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ പിഎസ്ജിക്കെതിരെ അദ്ഭുത ജയം നേടിയതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ ലൈക്കടി മല്‍സരത്തിന് തുടക്കമായത്. ക്ലബുകളുടെ ഫേസ്ബുക്ക് സന്ദര്‍ശിച്ച് ലൈക്ക് ചെയ്യാന്‍ സ്‌പെയിനിലെ പത്രങ്ങളിലടക്കം വലിയ പരസ്യമാണ് റയലും, ബാഴ്‌സയും നല്‍കിയത്. റയലിന് ലൈക്ക് അടിക്കുന്നവര്‍ക്ക് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഒപ്പിട്ട ജഴ്‌സിയായിരുന്നു റയലിന്റെ ഓഫര്‍. ക്ലബിന്റെ മുന്‍ താരം ഡേവിഡ് ബെക്കാം, റാഫേല്‍ നദാല്‍ അടക്കമുള്ള വമ്പന്‍മാരും റയലിന് പിന്തുണയുമായെത്തി. പണസഞ്ചിയിലും, ഗോള്‍വലയിലും നേട്ടങ്ങളുടെ കണക്കുകള്‍ മാത്രം പറയുന്ന റയലും, ബാഴ്‌സയും സോഷ്യല്‍ മീഡിയയിലും കോടിക്കിലുക്കത്തിന്റെ തിളക്കത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here