സർക്കാർ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള സജീവം; വിലവിവര പട്ടിക പുതുക്കിയിട്ടും ട്രെയിനിൽ ചായക്കച്ചവടത്തിന്റെ പേരിൽ നടക്കുന്നത് കൊള്ളക്കച്ചവടം

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള ഇപ്പോഴും സജീവമായി തുടരുന്നു. പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും ട്രെയിനിലെ ചായയുടെയും, കാപ്പിയുടെയും വിലയിൽ മാറ്റമില്ല. കംപാർട്ട്‌മെന്റുകളിൽ വിൽക്കുന്ന ചായയ്ക്കും, കാപ്പിക്കും ഇപ്പോഴും വിൽപനക്കാർക്ക് തോന്നിയ വിലയാണ് ഈടാക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റാളുകളിൽ ലഭിക്കുന്ന ചായയ്ക്ക് പുതുക്കിയ വിലയാണ് മേടിക്കുന്നതെങ്കിലും അളവിൽ സാരമായ കുറവുണ്ട്.

പത്തു രൂപയാണ് കംപാർട്ട്‌മെന്റുകളിൽ വിൽക്കുന്ന ചായയ്ക്കും, കാപ്പിക്കും വിൽപനക്കാർ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. റെയിൽവേയുടെ ഏറ്റവും പുതിയ വിലവിവരപ്പട്ടിക പ്രകാരം ചായയ്ക്കും കാപ്പിക്കും ഏഴു രൂപയുമാണ് വില. ചായയും, കാപ്പിയും നൽകുന്ന പേപ്പർ ഗ്ലാസുകളിലും വില കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. വില ഏഴുരൂപയല്ലേ എന്നു യാത്രക്കാർ ചോദിച്ചാലും പത്തു രൂപ വാങ്ങി വിൽപനക്കാർ നടന്നുപോകും. കംപാർട്ട്‌മെന്റുകളിൽ ഭക്ഷണം എത്തിച്ച് വിൽപ്പന നടത്തുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന ജീവനക്കാരാണ്. സമയം മിനക്കെടുമെന്നതിനാൽ ഭൂരിഭാഗം യാത്രക്കാരും വിലയുടെ കാര്യത്തിൽ കാര്യമായി തർക്കിക്കാൻ നിൽക്കാറില്ല.

Railway-Price-List

റെയില്‍വെ പ്രസിദ്ധീകരിച്ച പുതിയ വിലവിവരപ്പട്ടിക

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ ചായയ്ക്കും കാപ്പിക്കും പുതുക്കിയ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ ഇവിടെ നിന്നും ലഭിക്കുന്ന ചായയുടെ അളവിൽ കുറവുണ്ടെന്നു യാത്രക്കാർ പരാതിപ്പെടുന്നു. ഏഴു രൂപയ്ക്ക് 150 മില്ലി ചായയാണ് റെയിൽവേയുടെ പട്ടിക പ്രകാരം നൽകേണ്ടത്. എന്നാൽ നൂറു മില്ലിയോളം മാത്രമാണ് പലപ്പോഴും ലഭിക്കുന്നത്. കുപ്പിവെള്ളത്തിന്റെ കാര്യത്തിലും യാത്രക്കാരുടെ പരാതികൾ നിരവധിയാണ്. റെയിൽവേയിൽ നിന്നും ലഭിക്കുന്ന കുപ്പിവെള്ളം ലിറ്ററിന് 15 രൂപയാണ് വില. സ്റ്റേഷനുകളിലെ സ്റ്റാളുകളിൽ നിന്നും വെള്ളം മേടിക്കുമ്പോൾ യാത്രക്കാർ ബാക്കി തുക ആവശ്യപ്പെട്ടില്ലെങ്കിൽ 20 രൂപ ഈടാക്കുന്നുവെന്നാണ് പരാതി. ദീർഘദൂര യാത്രക്കാരാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്.

കഴുത്തറപ്പൻ വിലയുടെ പേരിൽ യാത്രക്കാരുടെ പരാതികൾ ഏറിയപ്പോഴാണ് ഇന്ത്യൻ റെയിൽവേ ഭക്ഷണത്തിന്റെ വിലവിവരപ്പട്ടിക പുനഃപ്രസിദ്ധീകരിച്ചത്. റെയിൽവേയുടെ വെബ് സൈറ്റുകൾക്കു പുറമേ, സോഷ്യൽമീഡിയ വഴിയും പട്ടികയ്ക്ക് റെയിൽവേ വൻ പ്രചാരണം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഫലപ്രദമായില്ലെന്നാണ് യാത്രക്കാരുടെ പരാതികളിൽ നിന്നും വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News