
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തിരിപ്പൻ പരിസ്ഥിതി നയങ്ങൾക്കെതിരെ പ്രതിഷേധവുമായി എൽജിബിടി ആക്ടിവിസ്റ്റുകൾ. ട്രംപിന്റെ മകളും അസിസ്റ്റന്റുമായ ഇവാൻക ട്രംപിന്റെ വാഷിംഗ്ടണിലെ വസതിക്കു മുമ്പിലായിരുന്നു പ്രതിഷേധം നടന്നത്. കാലാവസ്ഥാ വ്യതിയാനം തടയാൻ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെടുത്ത ഒട്ടേറെ നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ച ട്രംപ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിന്റെ ഭാഗമായി ഇവാൻകയുടെ വസതിക്കു മുമ്പിൽ എൽജിബിടി പ്രവർത്തകർ ഡാൻസ് പാർട്ടി സംഘടിപ്പിച്ചു. മഴവിൽ പതാകകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു എൽജിബിടി പ്രവർത്തകരുടെ പ്രതിഷേധം. ‘പ്രിയ ഇവാൻക, നിത്യവും ഡസൻ കണക്കിന് ജീവിവർഗങ്ങളാണ് അപ്രത്യക്ഷമാകാൻ പോകുന്നതെന്ന് നിങ്ങളുടെ അച്ഛനോടൊന്നു പറയാമോ?’ എന്നായിരുന്നു ഒരു പ്ലക്കാർഡിൽ എഴുതിയത്.
പ്രതിഷേധം നടക്കുന്ന സമയത്ത് ഇവാൻക വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ പിന്തിരിപ്പൻ നയങ്ങളെ ഇവാൻക ചോദ്യം ചെയ്യുന്നില്ലെന്ന് പ്രതിഷേധ പരിപാടിയുടെ സംഘാടകരിലൊരാളായ ഫിറാസ് നാസർ ആരോപിച്ചു. ‘ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും തൊടുത്തുവിടുന്ന മതഭ്രാന്തിനും വിദ്വേഷത്തിനും എതിരെ ഇവാൻക നിലകൊള്ളുമെന്നും ഇത്തരം നയങ്ങൾ തിരുത്താൻ അവർ സമ്മർദ്ദം ചെലുത്തുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here