തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളുടെ വികസനത്തിനായി കോടികളുടെ പദ്ധതി തയ്യാറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം മഹാദേവ ക്ഷേത്രം, കുളങ്ങര ക്ഷേത്രം, കോലത്തുകര ക്ഷേത്രം എന്നിവിടങ്ങളിൽ കോടിക്കണക്കിനു രൂപയുടെ വികസനപ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചതായി മന്ത്രി അറിയിച്ചു. കഴക്കൂട്ടം മഹാദേവക്ഷേത്രത്തിൽ നിർമ്മിക്കാൻ പോകുന്ന ശബരിമല ഇടത്താവള സമുച്ചയത്തിന്റെ വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

7000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഡിറ്റോറിയം, 25000 ചതുരശ്ര അടി വിസ്തീർണമുള്ള ഊട്ടുപുര അടക്കമുള്ള വിശ്രമകേന്ദ്രം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിൽ ഉണ്ടാകും. ഹരിതക്ഷേത്രം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി തോട്ടവും സോളാർ വഴി വൈദ്യുത ഉത്പാദന സംവിധാനവും കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ ക്രമീകരിക്കും.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ചെലവിൽ കുളങ്ങര ക്ഷേത്ര പരിസരത്ത് 5 കോടി രൂപയുടെ ആധുനിക രീതിയിലുള്ള പാർക്കും കോൺഫറൻസ് ഹാളും ലഘുഭക്ഷണ ശാലയും ആംഫി തീയറ്ററും സ്ഥാപിക്കും. കോലത്തുകര ക്ഷേത്രത്തിൽ 2.38 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.