സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നു മന്ത്രി എം.എം മണി; അതിരപ്പിള്ളി പദ്ധതി സമവായം ഉണ്ടെങ്കിൽ മാത്രമെന്നും മന്ത്രി

ദില്ലി: സംസ്ഥാനത്ത് ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നു സംസ്ഥാന സർക്കാർ. സമവായം ഉണ്ടായാൽ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി എം.എം മണി പറഞ്ഞു. കായകംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടു പോണോയെന്നത് പരിശോധിക്കണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി കേരളത്തെ ഈ മാസം പ്രഖ്യാപിക്കും.

വരൾച്ചയെ തുടർന്ന് അണക്കെട്ടുകളിൽ നിന്ന് 30 ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങി ഇത്തതവണ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. 200 മെഗാവാട്ട് വൈദ്യുതി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ പുതുതായി ടെണ്ടർ വച്ച കാറ്റാടി നിലയങ്ങളിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി നൽകാമെന്നു കേന്ദ്ര ഊർജവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ സംസ്ഥാനത്തിന് ഉറപ്പ് നൽകി.

വൈദ്യുതി ഉത്പാദനം ഇല്ലാതിരുന്നിട്ടും കായംകുളം താപവൈദ്യുതി നിലയത്തിന് കെഎസ്ഇബി നൽകുന്ന വാർഷിക സ്ഥിരവില 293 കോടി രൂപയായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കൂട്ടിയത് പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കായകംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടു പോണോയെന്നത് പരിശോധിക്കണമെന്നു കേന്ദ്ര ഊർജ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, വൈദ്യുതി മന്ത്രി എം.എം മണിയെ അറിയിച്ചു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്ന് എം.എം മണി പറഞ്ഞു. സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളുമായി ചർച്ച നടത്തി സമവായമുണ്ടായാൽ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കൂ. അതിരപ്പിള്ളി ഇടതുമുന്നണിയുടെ പൊതുമിനിമം പരിപാടിയിലില്ലെന്നും എം.എം മണി ചൂണ്ടിക്കാട്ടി. സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി കേരളത്തെ ഈമാസം പ്രഖ്യാപിക്കും. 124 മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. മറ്റു മണ്ഡലങ്ങളിൽ നടപടികൾ ഈമാസം പൂർത്തിയാകുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here