സംസ്ഥാനത്ത് 79 ട്രഷറികളിൽ കറൻസി ക്ഷാമം രൂക്ഷം; ശമ്പള, പെൻഷൻ വിതരണം മുടങ്ങിയേക്കുമെന്ന് ധനവകുപ്പ്; റിസർവ് ബാങ്ക് വേണ്ടത്ര നോട്ട് നൽകുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 79 ട്രഷറികളിൽ കറൻസി ക്ഷാമം രൂക്ഷമെന്നു ധനവകുപ്പ്. കറൻസി ക്ഷാമം മൂലം ശമ്പള-പെൻഷൻ വിതരണം മുടങ്ങിയേക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. റിസർവ് ബാങ്ക് നോട്ട് നൽകാത്തതാണ് ക്ഷാമത്തിനു കാരണം. ആർബിഐ, എസ്ബിഐ എന്നിവയോട് അടിയന്തരമായി വിഷയത്തിൽ ഇടപെടാൻ സർക്കാർ ആവശ്യപ്പെട്ടു.

ഈമാസം നൽകേണ്ട ശമ്പളത്തിനും പെൻഷനും ആവശ്യമായ ധനം സർക്കാരിന്റെ കൈവശമുണ്ടെങ്കിലും ഇവ വിതരണം ചെയ്യാനുള്ള കറൻസികൾ ഇല്ല. റിസർവ് ബാങ്ക് ആവശ്യമായ നോട്ട് നൽകാത്തതിനാൽ സംസ്ഥാനത്തെ 50 ശതമാനത്തിലേറെ ട്രഷറികളിലും നോട്ട് ക്ഷാമം രൂക്ഷമാണ്. 24 ട്രഷറികളിൽ ഇതുവരെ വിതരണം ചെയ്യാൻ നോട്ടുകൾ കിട്ടിയിട്ടില്ല. 79 ട്രഷറികളിൽ നോട്ട് ക്ഷാമം അതിരൂക്ഷമാണ്. ഭൂരിഭാഗം ട്രഷറികൾക്കും ആവശ്യപ്പെട്ട തുകയുടെ പത്തിലൊന്നു പോലും ലഭിച്ചില്ല.

ഇവിടങ്ങളിലെല്ലാം ശമ്പള-പെൻഷൻ വിതരണത്തിന് പ്രയാസം നേരിടുകയാണ്. വിഷു, ഈസ്റ്റർ, പ്രമാണിച്ച് ക്ഷേമപെൻഷനിലെ മൂന്നുമാസത്തെ കുടിശ്ശിക സർക്കാർ വിതരണം ചെയ്യാനിരിക്കുകയായിരുന്നു. ആ തുക വരും ദിവസങ്ങളിൽ സഹകരണ ബാങ്കുകളുടെ അക്കൗണ്ടിലേക്കു കൈമാറുമെങ്കിലും നോട്ട് ക്ഷാമം കാരണം അവ വിതരണം ചെയ്യാനാകുമോയെന്നു ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ ആർബിഐ, എസ്ബിഐ എന്നിവയോട് അടിയന്തരമായി വിഷയത്തിൽ ഇടപെടാൻ സർക്കാർ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലിനെ തുടർന്നുള്ള ദിവസങ്ങളിലുണ്ടായ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News