മതവികാരം വ്രണപ്പെടുത്തിയതിനു രാഖി സാവന്ത് അറസ്റ്റിൽ; വാത്മീകിയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തത് പഞ്ചാബ് പൊലീസ്; വാര്‍ത്ത നിഷേധിച്ച് പൊലീസ്

മുംബൈ: മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിവാദ നടി രാഖി സാവന്ത് അറസ്റ്റിൽ. വാത്മീകി മഹർഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. വാത്മീകിയെ അപമാനിച്ചതിലൂടെ വാത്മീകി സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രാഖി സാവന്തിനെതിരെ ലുധിയാന കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ലുധിയാന പൊലീസ് മുംബൈയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ പരിപാടിക്കിടെയായിരുന്നു രാഖി വിവാദ പരാമർശം നടത്തിയത്. വാത്മീകി കൊലപാതകിയായിരുന്നുവെന്നും പീന്നീട് മനംമാറ്റം വന്ന് രാമായണം രചിക്കുകയായിരുന്നു എന്നുമായിരുന്നു രാഖിയുടെ പരാമർശം. പരിപാടിയിൽ തന്റെ സുഹൃത്തായ മിൽഖാ സിംഗിന്റെ സ്വഭാവവുമായി വാത്മീകിയെ താരതമ്യപ്പെടുത്തുകയായിരുന്നു രാഖി. ഒരു പാർട്ടിക്കിടെ തന്നെ മർദ്ദിച്ച മിൽഖ ഇപ്പൊ വാൽമീകിയെ പോലെ മാന്യനായെന്നും രാഖി പറഞ്ഞു.

കേസിൽ മാർച്ച് 9 നു ഹാജരാകാൻ ലുധിയാന കോടതി നിർദേശിച്ചിരുന്നെങ്കിലും രാഖി ഹാജരായിരുന്നില്ല. ഇതേതുടർന്ന് ലുധിയാന പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കേസ് പത്താം തിയ്യതി വീണ്ടും പരിഗണിക്കും. സംഭവം വിവാദമായതിനെ തുടർന്ന് രാഖി മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അറസ്റ്റ് വാർത്ത ലുധിയാന പൊലീസ് നിഷേധിച്ചു. രാഖിയെ അന്വേഷിച്ചെത്തിയ ലുധിയാന പൊലീസ് വെറും കൈയ്യോടെയാണ് മടങ്ങിയത് എന്നാണ് പൊലീസ് ഭാഷ്യം.

എന്നും വിവാദങ്ങളുടെ തോഴിയാണ് രാഖി. റിയാലിറ്റി ഷോകളായ ബിഗ് ബോസ്, രാഖി കാ സ്വയംവർ എന്നിവയിലൂടെ ജനശ്രദ്ധ നേടിയ രാഖി രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. 2014 ലെ പൊതു തെരഞ്ഞെടുപ്പിൽ മുംബൈ നോർത്തിൽ നിന്നും മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News