പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും മാതാവിനും നേരെ പൊലീസിന്റെ അശ്ലീലസംസാരം; തകര്‍ന്നിരിക്കുന്ന മകളോട് ഫീല്‍ഡില്‍ ഇറങ്ങിയോ എന്ന് എഎസ്‌ഐ ടി.ഡി ജോസിന്റെ ചോദ്യം

തൃശൂര്‍: എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെയും മാതാവിനെയും പൊലീസ് അപമാനിച്ചതായി പരാതി. മൊഴി നല്‍കിയതിന്റെ പേരില്‍ പ്രതിയും സാമൂഹ്യവിരുദ്ധരും ചേര്‍ന്ന് തടഞ്ഞു വച്ചതിന് പിന്നാലെയാണ് പൊലീസും പരാതിക്കാരെ അപമാനിച്ചത്. സംഭവത്തില്‍ എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ടി.ഡി ജോസിനെതിരെ വീട്ടമ്മ പരാതി നല്‍കി.

അയല്‍വാസികളായ മധ്യവയസ്‌കനും മകനും ചേര്‍ന്ന് മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പൊലീസ് അപമാനിച്ചത്. കുട്ടിയും മാതാവും ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സി.ഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം സംഭവസമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ നെല്ലുവായിയിലെ വീട്ടിലെത്തിയ കുട്ടിയെയും അമ്മയെയും പ്രതികളും അയല്‍വാസികളായ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂപ്പതിലധികം പേര്‍ അസഭ്യവര്‍ഷം നടത്തി.

പെണ്‍കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ: ‘കുറേ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് എന്നെയും മകളെയും അപമാനിച്ചു. തങ്ങള്‍ ഇവര്‍ക്കെതിരെ വ്യാജപരാതിയാണ് നല്‍കിയിരിക്കുന്നതെന്നും നിങ്ങളാരും ഇവിടുന്ന് ജീവനോടെ പോകില്ലെന്നും ഭീഷണിപ്പെടുത്തി. വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കാറിന് ചുറ്റും കിടന്ന് ബഹളം വച്ചു. തടിച്ച ഒരാള്‍ വടിവാള്‍ പോലത്തെ ഒരു ആയുധവുമായി വന്ന് കാറിലടിച്ച് കതക് വലിച്ച് തുറന്ന് മകളെ പിടിച്ചിറക്കി.’

തുടര്‍ന്ന് എരുമപ്പെട്ടി പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഇവരെത്തിയത്. വീട്ടിലെത്തിയ ടി.ഡി ജോസ് തന്നോടും മകളോടും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. വീട്ടമ്മയുടെ വാക്കുകള്‍: ‘നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ എന്നാണ് തകര്‍ന്നിരിക്കുന്ന എന്റെ മകളോട് എഎസ്‌ഐ ചോദിച്ചത്. നിന്നെ ആരൊക്കെയാ പീഡിപ്പിച്ചത് പറയ്, അത് ഞാനുംകൂടി കേള്‍ക്കട്ടെ എന്ന് പറഞ്ഞു. എന്റെ ഗതികേടുകൊണ്ടാണ് ഈ സാഹചര്യത്തില്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഓരോ അമ്മമാരും ജനലില്‍ കെട്ടിത്തൂങ്ങുന്നത്. ‘

തടഞ്ഞുവെച്ച് അതിക്രമം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കും മറ്റ് മുപ്പതു പേര്‍ക്കും എതിരെ കേസെടുത്തു. ഇതേ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ കേസില്‍ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News