വയലാര്‍ രവിയുടെ മകന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി; നടപടി ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട്; പിടിച്ചെടുത്തത് 11.57 കോടി രൂപയുടെ സ്വത്ത്

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ.

മറ്റൊരു ഡയറക്ടറായ ശ്വേത മംഗളിന്റെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇരുവരുടേതുമായി 11.57 കോടി രൂപയുടെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം പിടിച്ചത്.

2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ രവികൃഷ്ണയുടെ കമ്പനിക്ക് ‘108’ ആംബുലന്‍സുകളുടെ കരാര്‍ നല്‍കി. എന്നാല്‍ ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ട്രിപ്പുകളുടെ എണ്ണത്തില്‍ ക്രമക്കേട് നടത്തിയെന്നും ജിപിഎസ് സംവിധാനം ഘടിപ്പിക്കാതെയാണ് ട്രിപ്പുകള്‍ നടത്തിയതെന്നും കണ്ടെത്തിയിരുന്നു. സിക്വിറ്റ്‌സയ്ക്ക് യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്വത്തുകള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News