ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കും; അറസ്റ്റിലായത് സിഇഒ അടക്കം അഞ്ചുപേർ; ഗൂഢാലോചനാ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുൻമന്ത്രി എ.കെ ശശീന്ദ്രനെ ഫോൺകെണിയിൽ പെടുത്തിയ ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കും. മംഗളം സിഇഒ അജിത്കുമാർ അടക്കം അഞ്ചുപേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. 13 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. മറ്റു നാലുപേരെ പിന്നീട് ഹാജരാകാൻ ആവശ്യപ്പെട്ട് വിട്ടയയ്ക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കേസിൽ ഇന്നു കൂടുതൽ പേരെ ചോദ്യംചെയ്യും.

മംഗളം ചാനൽ സിഇഒ അജിത്കുമാർ, ചാനലിലെ ഇൻവെസ്റ്റിഗേഷൻ ടീം ലീഡർ ആർ.ജയചന്ദ്രൻ, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ എം.ബി സന്തോഷ്, ന്യൂസ് എഡിറ്റർമാരായ എസ്.വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പൊലീസ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം രാവിലെ 9 മണി മുതൽ രാത്രി പത്തു വരെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഒമ്പതു പേരെയും ഒറ്റയ്ക്കും കൂട്ടായും ചോദ്യംചെയ്യലിനു വിധേയമാക്കി. തങ്ങൾ നടത്തിയത് സ്റ്റിംഗ് ഓപ്പറേഷനാണെന്ന നിലപാട് ആർ.അജിത്കുമാർ അന്വേഷണസംഘത്തിനു മുന്നിൽ ആവർത്തിച്ചു.

എന്നാൽ, സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് അറസ്റ്റുണ്ടായത്. വിവാദ ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി ചാനൽ ആസ്ഥാനത്ത് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. കണ്ടെത്തിയ തെളിവുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കും. അതേസമയം പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും കേസിലെ ഒമ്പതാം പ്രതിയായ ഫോൺ സംഭാഷണം നടത്തിയ മാധ്യമപ്രവർത്തക ഇതുവരെ ഹാജരായിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച തന്നെ ഹാജരാകാൻ ഇവർക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ചയിലേക്ക് ഇവർ സമയം നീട്ടി ചോദിക്കുകയും മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ പ്രതികൾ ചൊവ്വാഴ്ച ഹാജരാകുകയായിരുന്നു.

എൻവൈസി നേതാവ് മുജീബ് റഹ്മാൻ, അഭിഭാഷക ശ്രീജ തുളസി എന്നിവരുടെ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമം 120ബി, ഐടി ആക്ട് 67 എന്നീ വകുപ്പുകൾപ്രകാരമാണ് പത്തുപേർക്കെതിരെയും കേസെടുത്തത്.

തന്റെ മൊബൈൽഫോണും ലാപ്‌ടോപ്പും മോഷണം പോയെന്ന് അജിത്കുമാർ തിങ്കളാഴ്ച രാത്രി മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻപോയപ്പോൾ കാർ ലോക്ക് ചെയ്യാൻ മറന്നെന്നും അപ്പോൾ ആരോ മോഷ്ടിച്ചുവെന്നുമാണ് പരാതി. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel