കണ്ണൂരിൽ സിപിഐഎമ്മിനെതിരെ ബിജെപി-എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്; സിപിഐഎം നേതാക്കൾക്കെതിരെ കള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു; കേസുകളിൽ പിടിയിലാകുന്നത് ബിജെപി-എസ്ഡിപിഐ പ്രവർത്തകർ

കണ്ണൂർ: കണ്ണൂരിൽ സിപിഐഎമ്മിനെ എതിർക്കാൻ ബിജെപിയും എസ്ഡിപിഐയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. സിപിഐഎം ആണ് ഇരുപാർട്ടികൾക്കുമെതിരെ തെളിവ് നിരത്തി ശക്തമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. മുമ്പു നടന്ന കൊലപാതകവും ഇപ്പോൾ നടന്ന വധശ്രമവുമായി ബന്ധപ്പെടുത്തിയാണ് ആരോപണം. എന്നാൽ, ഇരുകേസുകൡലും പിടിയിലായതാകട്ടെ ബിജെപി-എസ്ഡിപിഐ പ്രവർത്തകരും.

തലശ്ശേരിയിൽ നടന്ന ഫസൽ വധവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ ആരോപണം ഉയർന്നത്. സിപിഐഎം ആണ് കൊലയ്ക്കു പിന്നിലെന്നായിരുന്നു എസ്ഡിപിഐയും ബിജെപിയും ഒരു പോലെ ആരോപിച്ചിരുന്നത്. യുഡിഎഫ് സർക്കാരും ഇതേ നിലപാട് സ്വീകരിച്ചു. തുടർന്ന് കേസ് സിബിഐക്കു കൈമാറി. സിബിഐയും ഇതേ നിലപാട് സ്വീകരിച്ചതോടെ സിപിഐഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർക്കെതിരെ ഗൂഡാലോചനാ കുറ്റം ചുമത്തി ജയിലിൽ അടച്ചു. ഇവർക്ക് സ്വന്തം ജില്ലയിൽ പ്രവേശനം പോലും നിഷേധിച്ചിരിക്കുകയാണ്.

ഇതിനിടെ മറ്റൊരു കേസിൽ പ്രതിയായി അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ സുബീഷ് നടത്തിയ വെളിപ്പെടുത്തലിൽ യഥാർഥ കൊലയാളികൾ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചു. താനും നേരിട്ട് കൊലയിൽ പങ്കെടുത്തുവെന്നും സുബീഷ് വെളിപ്പെടുത്തി. എന്നാൽ ഈ വെളിപ്പെടുത്തലിന്റെ ഭാഗമായി തുടരന്വേഷണത്തിന് സിബിഐ തയ്യാറായില്ല. ഫസലിന്റെ ബന്ധുവിന്റെ പരാതിയിൽ കോടതി തന്നെ തുടരന്വേഷണം നിർദ്ദേശിച്ചു. ഇതു ബിജെപിക്കും എസ്ഡിപിഐക്കും ഒരുപോലെ തിരിച്ചടിയായി.

തൊട്ടുപിന്നാലെയാണ് ബിജെപി പ്രവർത്തകനായ കണ്ണൂരിലെ സുശീൽകുമാർ വധശ്രമക്കേസിൽ മൂന്നു എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലാകുന്നത്. ഇതും സിപിഐഎം നടത്തിയ ആക്രമണമാണെന്ന് ബിജെപിയും ആരോപിച്ചിരുന്നു. ഇരു പാർട്ടികളും സിപിഐഎമ്മിനെതിരെ അവിശുദ്ധ സഖ്യത്തിലാണെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജൻ തെളിവുകൾ നിരത്തി തന്നെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. തീവ്ര വർഗീയ നിലപാടുകളുള്ള ആർഎസ്എസ്-എസ്ഡിപിഐ അവിശുദ്ധ ബന്ധം രാഷ്ട്രീയരംഗത്ത് സജീവ ചർച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News