ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു എഴുത്തുകാരി ബെറ്റി മോൾ മാത്യു; ഒലിവിനു പകരം കുരുത്തോല ആകാമെങ്കിൽ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ആകാം

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു ആവശ്യം. ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത് എഴുത്തുകാരി ബെറ്റി മോൾ മാത്യു ആണ്. ഒലിവിനു പകരം കുരുത്തോലയും പെസഹ അപ്പ മാവിനു പകരം അരിമാവും ഉപയോഗിക്കാമെങ്കിൽ വീഞ്ഞിനു പകരം കരിക്കിൻ വെള്ളവുമാകാം. മദ്യവിരുദ്ധ ഇടയലേഖന രചനയ്ക്കു മുമ്പ് കരിക്കിൻ വെള്ളം ആശീർവദിച്ചു കൊടുക്കുന്ന വിപ്ലവം തുടങ്ങണമെന്നും ബെറ്റിമോൾ വ്യക്തമാക്കി.

വിശുദ്ധവാരം തുടങ്ങുന്നതിനു മുന്നോടിയായി എഴുതിയ ‘ചില വിശുദ്ധ വിചാരങ്ങൾ’ എന്ന ഫേസ്ബുക്ക് കുറിപ്പിലാണ് ബെറ്റി മോൾ ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.

‘ഒരു വിശുദ്ധവാരം കൂടി കടന്നു വരികയാണ്. യേശുവിനെ സൈത്തിൻ കൊമ്പുകളും ഒലിവിൻ ചില്ലകളും വീശി ജറുസലേം നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ്മയായ ഓശാന ഞായറിലാണ് വിശുദ്ധവാരം തുടങ്ങുന്നത്. കേരളത്തിൽ ഒലിവും സൈത്തുമൊന്നുമില്ലാത്തതു കൊണ്ട് കുരുത്തോലയാണ് ഉപയോഗിക്കുന്നത്. കരുത്തോല പെരുന്നാൾ എന്നാണു ഇവിടെ പ്രസിദ്ധിയും. പെസഹ വ്യാഴത്തിനു പുളിക്കാത്ത അരിയപ്പമാണു ഉണ്ടാക്കുന്നത്. യേശു ഉപയോഗിച്ച മാവ് ഏത് എന്ന അന്വേഷണത്തിനൊന്നും ആരും പോയിട്ടില്ല.

പക്ഷേ, പെസഹ ഭക്ഷണത്തിനിടയിൽ യേശു തന്റെ രക്തത്തിന്റെ പ്രതീകമായി നൽകിയ വീഞ്ഞിന്റെ കാര്യത്തിൽ ഇത്തരം വിട്ടുവീഴ്ചകൾക്കൊന്നും ആരും തയ്യാറല്ലാത്തത് എന്തുകൊണ്ടെന്നും അവര് ചോദിക്കുന്നു. ലഹരി വിമുക്തമാണ്, കയ്പിച്ചതാണ് എന്നൊക്കെ ന്യായം പറഞ്ഞ് വീഞ്ഞിന്റെ ആധിപത്യം തുടരുകയാണെന്നും ബെറ്റിമോൾ ചൂണ്ടിക്കാട്ടുന്നു.

‘ലഹരിയുടെ വിപത്ത് നിരന്തരം ഉദ്‌ഘോഷിക്കുന്നവർ ഇക്കാര്യത്തിലും ഒരു പ്രാദേശിക വത്കരണം നടപ്പാക്കണം. ഒലിവിന്റെയും സൈത്തിന്റെയും സ്ഥാനത്ത് കുരുത്തോല ആകാമെങ്കിൽ വീഞ്ഞിന്റെ സ്ഥാനം കരിക്കിൻ വെള്ളത്തിനു കൊടുക്കാം. കരിക്കിൻ വെള്ളം ആശീർവദിച്ചു നൽകുന്ന വിപ്ലവം എന്തുകൊണ്ടു പരിഗണിക്കുന്നില്ല..? എന്നിട്ടു പോരേ മദ്യവിരുദ്ധ ഇടയലേഖനരചന?’-ബെറ്റിമോൾ മാത്യു ചോദിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here