ആന്റി റോമിയോ സ്‌ക്വാഡ് വേണ്ടെന്നു സ്ത്രീകളും; സ്‌ക്വാഡ് പിരിച്ചുവിടണമെന്നു സ്ത്രീപക്ഷ സംഘടനകൾ; പ്രതിഷേധം കടുക്കുന്നു

ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനത്തെ തള്ളിപ്പറഞ്ഞ് സ്ത്രീപക്ഷ സംഘടനകൾ രംഗത്ത്. എത്രയും പെട്ടെന്നു തന്നെ സ്‌ക്വാഡ് പിരിച്ചു വിടണമെന്ന് സ്ത്രീ സംഘടനയിലെ പ്രമുഖർ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കെന്ന പേരിൽ രൂപപ്പെടുത്തിയ സ്‌ക്വാഡ് തികഞ്ഞ പരാജയമാണെന്നും സദാചാര പൊലീസായി സ്‌ക്വാഡിലെ അംഗങ്ങൾ മാറിയെന്നും സംഘടനകൾ പറയുന്നു.

അഭിഭാഷകരായ അരുണാ റോയ്, കവിതാ ശ്രീവാസ്തവ, കല്യാണി മേനൻ സെൻ, ഇന്ദിര ജയസിംഗ്, വൃന്ദാ ഗ്രോവർ എന്നിവരുടെ സംഘമാണ് ഉത്തർപ്രദേശ് സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. പാർക്കുകളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന ആൺ-പെൺ സുഹൃത്തുക്കൾക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന നടപടി വർധിച്ചു വരുകയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംവിധാനം പിൻവലിക്കണമെന്നും സ്ത്രീപക്ഷ വാദികൾ ആവശ്യപ്പെടുന്നു.

തങ്ങളുടെ ഉദ്യമം സദാചാര പൊലീസിംഗ് അല്ലെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയാണെന്നും സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധിയാർജിച്ച മുഖൃമന്ത്രി യോഗി ആദിത്യനാഥ് പറയുന്നുണ്ടെങ്കിലും നവമാധൃമങ്ങളിലെ ദൃശൃങ്ങൾ കാണിക്കുന്നത് പൊലീസിന്റെ ഭീകരമുഖമാണ്. കോളജിനു പുറത്ത് സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന യുവാവിനെ സംഘം അറസ്റ്റ് ചെയ്തത് ദേശീയമാധൃമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രണയിതാക്കളുടെ മതം ചോദിക്കുന്ന സ്‌ക്വാഡ് അംഗങ്ങളുടെ അപരിഷ്‌കൃത നടപടിയും വിവാദമാകുന്നു.

ലൗജിഹാദ് തടയാനുള്ള നടപടി മാത്രമാണ് പദ്ധതിയെന്ന വിമർശനവും പരക്കെ ഉയർന്നിട്ടുണ്ട്. ദളിത്-മുസ്ലിം-ആദിവാസി ബഹുജൻ ജനതയെ വംശീയമായി അപമാനിക്കാനുള്ള സംവിധാനം മാത്രമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു. പൊലീസിനൊപ്പം ചേർന്ന് ഹിന്ദു യുവവാഹിനി പ്രവർത്തകരും പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന നടപടിയും യു.പിയിൽ കാണാം.

സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെടുത്തുന്ന പദ്ധതിയെ വിമർശിച്ച മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്നും സ്ത്രീപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here