ജിഷ്ണുവിന്റെ മാതാപിതാക്കൾ ഡിജിപി ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു; പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും; സുരക്ഷാമേഖലയ്ക്കുള്ളിൽ സമരം പാടില്ലെന്നു പൊലീസ്; മഹിജയെ ഡിജിപി ചർച്ചയ്ക്കു വിളിച്ചു

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ള ബന്ധുക്കൾ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിക്കുന്നു. ജിഷ്ണുവിന്റെ മരണം നടന്ന് 60 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തുന്നതിനായി എത്തിയത്. എന്നാൽ, പ്രതിഷേധക്കാരെ ആസ്ഥാനത്തിനു മുന്നിൽ പൊലീസ് തടഞ്ഞു.

പൊലീസ് ആസ്ഥാനത്തെ സുരക്ഷാമേഖലയ്ക്കുള്ളിൽ സമരം പാടില്ലെന്നു പൊലീസ് അറിയിച്ചു. ബന്ധുക്കൾക്ക് ഡിജിപിയുമായി ചർച്ചയ്ക്ക് അവസരം ഒരുക്കാമെന്നും പൊലീസ് അറിയിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ഡിജിപി ചർച്ചയ്ക്കു വിളിപ്പിച്ചു. സമരത്തിനെത്തിയ എല്ലാവരെയും അകത്തു കയറ്റണമെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ബന്ധുക്കളായ ആറുപേർക്ക് പ്രവേശനം അനുവദിക്കാമെന്നു പൊലീസ് അറിയിച്ചു.

ഇതു സമ്മതിക്കാതെ വന്നതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ നിന്നും ഒഴിപ്പിച്ചു. സമരത്തിൽ നിന്നു പിൻമാറില്ലെന്നു ബന്ധുക്കൾ അറിയിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മയും ബന്ധുക്കളും ഡിജിപിയുമായി ചർച്ച നടത്തും. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്‌തെങ്കിലും മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചിരുന്നു. അറസ്റ്റ് നാടകമാണെന്നാണ് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News