തേവിടിശ്ശിപ്പൂവിന്റെ പേരു മാറ്റണമെന്ന ആവശ്യം ശക്തം; ആവശ്യമുന്നയിച്ചത് കേരളവർമ കോളജിലെ മലയാളം വിദ്യാർത്ഥികൾ

തേവിടിശ്ശിപ്പൂ എന്നൊരു പൂവുണ്ട്. ആ പൂവിന്റെ പേരു മാറ്റണമെന്ന ആവശ്യവും ഉയരുന്നു. തൃശ്ശൂർ കേരള വർമ്മ കോളജിലെ മലയാളം വിദ്യാർത്ഥികളിൽ നിന്നാണ് ഈ ആവശ്യമുയർന്നത്. ഇക്കാര്യം വെളിപ്പെടുത്തിയത് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഗിരീഷ് കുമാറും.

ഭാഷാശാസ്ത്രത്തിലെ അർഥപരിണാമങ്ങൾ പഠിക്കുമ്പോഴാണ് മലയാളം ക്ലാസിലെ ചർച്ച ഈ പൂവിലേക്കെത്തിയതെന്ന് ഗിരീഷ് കുമാർ വിശദീകരിക്കുന്നു. തേവിടിശ്ശിച്ചെടി പൊന്തക്കാട്ടിൽ വെറുതെ പടർന്ന് ധാരാളമായി പൂക്കും. ഭംഗിയുണ്ടെങ്കിലും പൂജയ്‌ക്കോ മറ്റു വിശേഷങ്ങൾക്കോ എടുക്കാത്ത പൂവാണിത്. അതുകൊണ്ടാണത്രെ ആ പേരു വന്നത്.

പൂക്കളോടു വരെ വിവേചനം കാട്ടുന്ന മനുഷ്യബോധമാണ് ഈ പേരിനു പിന്നിൽ എന്ന് വിദ്യാർത്ഥികൾ വിലയിരുത്തി. തേവിടിശ്ശിപ്പൂവിൽ ഒരു പെൺജീവിതം ആരോപിക്കപ്പെടുന്നതിൽ കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ അസഹ്യത കാട്ടി. പെൺകുട്ടികൾ പൊന്തകളിൽ വെറുതെ വളരാൻ പാടില്ല, വളർന്നാലും വിശിഷ്ടമല്ലാത്ത പരാഗണം നടത്താനോ സൗരഭ്യമില്ലാത്ത പൂക്കളെ വെറുതെ ഉൽപാദിപ്പിക്കാനോ പാടില്ല, അങ്ങനെ സംഭവിച്ചാൽ തേവിടിശ്ശിച്ചെടി പോലാവുമെന്ന സാമൂഹിക അബോധമാണ് ഈ പേരിനു പിന്നിൽ എന്നും ചർച്ച വന്നു. ലൈംഗികതയെയും സദാചാരത്തെയും കുറിച്ചുള്ള സങ്കൽപം പൂവിൽ വരെ ആരോപിക്കുന്ന സമൂഹത്തെ ഈ പേരിൽ കാണാമെന്ന അഭിപ്രായവും ഉയർന്നു.

അതുകൊണ്ട് തേവിടിശ്ശിപ്പൂവിനെ ആ പേരിൽനിന്ന് മോചിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചുവെന്നും ഗിരീഷ് കുമാർ എഴുതുന്നു. ലിംഗവിവേചനമോ സദാചാര സങ്കൽപമോ ഇല്ലാത്ത പുതിയൊരു പേരിനായി കുട്ടികൾ അന്വേഷണം തുടങ്ങിക്കഴിഞ്ഞുഎന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News