ക്ഷോഭം എഴുത്തിന്റെ ശക്തി; വംശീയ യുദ്ധത്തിന്റെ മുറിവിൽ നീറി ക്ഷോഭാശക്തി

‘തീപ്പെട്ടിയില്ല, തീ തരാം’ ഗോവയിലെ ഐനോക്‌സിനു മുന്നിലെ പുകവലിക്കാർക്കുള്ള ടെന്റിനകത്തേക്കു കടന്നുവന്ന ആ ഗോവൻ രാത്രിയുടെ നിറമുള്ള മനുഷ്യന്റെ മുഖം തീ കൊടുക്കുമ്പോഴാണ് ഞാൻ സൂക്ഷിച്ചു നോക്കിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തും നടനുമായ കൃഷ്ണൻ ബാലകൃഷ്ണനാണ് തീപ്പെട്ടിക്കു വേണ്ടി തോളിൽ തട്ടിയതെന്നാണ് ആദ്യം കരുതിയത്. തീ മതി, തീയാണ് വേണ്ടത്.,’ ആ മറുപടിയുടെ പൊള്ളലിലാണ് എനിക്ക് ആളെ പിടികിട്ടിയത്. തീയിൽ കുരുത്തവൻ. 2011-ൽ ഇന്ത്യൻ പനോരമയിൽ ലീനാ മണിമേഖലൈയുടെ സെങ്കടലിലാണ് ഞാൻ അയാളെ ആദ്യം കണ്ടത്. ആ വർഷത്തെ ഗോവൻ ഫ്രെയിംസ് കേരളാ എക്‌സ്പ്രസിൽ അയാളുണ്ടായിരുന്നു. ‘തിരുവനന്തപുരത്ത് നിന്നല്ലേ, ഞാൻ നിങ്ങളെ ഓർക്കുന്നു. നിങ്ങൾ അന്നും എന്നെ തിരിച്ചറിഞ്ഞു; ഇന്നും. നന്ദി.’ ഞാൻ അയാളെ എന്റെ ചുമലിലേക്കു ചേർത്ത് പിടിച്ച് കുറേ നേരം നിന്നു. ക്ഷോഭാ ശക്തി. യഥാർത്ഥ പേര് ആന്റണി താസൻ യേശുതാസൻ.

എൺപതുകളുടെ മധ്യത്തിൽ ശ്രീലങ്കയിലെ അതീവ രക്തരൂക്ഷിതമായ വംശീയയുദ്ധത്തിൽ എൽടിടിഇയുടെ ഒരു പ്രധാന ഒളിപ്പോരാളിയായിരുന്നു ക്ഷോഭാശക്തി. 85-ൽ എൽടിടിഇക്കു വേണ്ടി ‘യുദ്ധക്കാളി’യെന്ന പേരിൽ നാടകവും പിന്നെ തെരുവുകളിൽ കവിതയും സംഗീതവുമായി അയാൾ രണ്ടുതരം യുദ്ധങ്ങൾ നടത്തി. ഒരു ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ സിംഹള-തമിഴ് യുദ്ധത്തിൽ അയാളുടെ ഉറ്റവരും ഉടയവരും പെടും. സിംഹള ബോംബിൽ അയാളുടെ ഗ്രാമം തന്നെ ചുട്ടുചാമ്പലാക്കപ്പെട്ടു. ജീവനോടെ പിടികൂടിയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പെടെ ശ്രീലങ്കൻ സൈന്യം കൊന്നു തള്ളി.

Muthathi Kshobha

ഒളിവിലും ജയിലിലുമായി കഴുത്തിൽ തൂങ്ങുന്ന സയനൈഡ് ഗുളികകളിൽ മരണത്തെയും ജീവിതത്തെയും വഹിച്ചുള്ള നെട്ടോട്ടമായിരുന്നു അയാൾക്ക് ജീവിതം. സകലതും തകർന്നപ്പോൾ അയാൾ കൃത്രിമ രേഖകളുണ്ടാക്കി ആദ്യം ഹോങ്കോംഗിലേക്ക് പോയി. പിന്നെ വ്യജ ബ്രിട്ടീഷ്-കനേഡിയൻ പാസ്‌പോർട്ടുണ്ടാക്കി ബാങ്കോക്കിലേക്കും പാരീസിലേക്കും കടന്നു. അവിടെ അയാൾ ചെയ്യാത്ത ജോലികളില്ല. ‘ജനിച്ച രാജ്യത്തിന്റെ പേരിലും വംശത്തിന്റെ പേരിലും അഭയാർത്ഥിയായി ആട്ടിയോടിക്കപ്പെട്ടവനു സമാധാനമില്ല. എവിടെയും ജീവിതം ഒരു യുദ്ധക്കളമാണ്. ഞാൻ എപ്പോഴും ഒരു യുദ്ധത്തിന്റെ നടുവിലാണ്. നിങ്ങൾക്കത് മനസ്സിലാവുമോ എന്നറിയില്ല’.-അയാൾ ഒട്ടും ക്ഷോഭമില്ലാതെയാണ് പറഞ്ഞത്.

2009-ൽ ടോറൊന്റോ ചലച്ചിത്രമേളയിൽ ‘ദീപ’ന്റെ പ്രദർശനത്തിനെത്തിയ ക്ഷോഭാശക്തിയെ കനേഡിയൻ പൊലീസ് പിടികൂടി തടങ്കലിൽ വെക്കുകയുണ്ടായി. പാസ്‌പോർട്ടും മറ്റു യാത്രാ രേഖകളും ഫെസ്റ്റിവൽ തീരുന്നതു വരെ വിട്ടുകൊടുത്തില്ല. ചലച്ചിത്രകാരനായല്ല ഇപ്പോഴും ഒരു എൽടിടിഇ പോരാളിയായാണ് ചാരക്കണ്ണുകൾ ഈ മനുഷ്യനെ പിന്തുടരുന്നത്.

‘മാസിഡോണിയയിലെ ചലച്ചിത്രമേളയിലേക്കും എനിക്ക് പ്രവേശനമുണ്ടായില്ല. മേള തീരുന്നതു വരെ എന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്തു വിട്ടില്ല. ദുബായിലും ബാങ്കോക്കിലും ഇതു തന്നെ സംഭവിച്ചു. പാരീസ് ആണ് ലോകത്ത് അഭയാർത്ഥികളെ മനുഷ്യരായി പരിഗണിക്കുന്ന ഏക നഗരം. അതുകൊണ്ട് പാരിസിൽ ജീവിക്കുന്നു. അല്ലെങ്കിൽ ഒരു പക്ഷേ ഞാൻ ലണ്ടനിലേക്ക് പോയേക്കാം. ലങ്കയിൽ നിന്ന് പാരിസിലേക്കുള്ള എൻറെ ജീവിത യാത്രയാണ് ദീപൻ. അതുകൊണ്ട് എനിക്ക് അഭിനയിക്കാനൊന്നുമില്ല. ജീവിതത്തിലേക്ക് വെറുതേ ഒന്ന് പിന്തിരിഞ്ഞ് നോക്കിയാൽ മതിയായിരുന്നു’.

കഴിഞ്ഞ വർഷം കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരം നേടിയ ചിത്രം ‘ദീപൻ’ ക്ഷോഭാശക്തിയുടെ യഥാർത്ഥ ജീവിതമായിരുന്നു. ഫ്രഞ്ചുകാരനായ ഴാക്ക് ഓഡിയാർഡായിരുന്നു സംവിധായകൻ. ക്ഷോഭ തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന നടനും. ‘എന്റെ രക്തവും അപ്പവുമാണ് ആ സിനിമ, അത്രയേ പറയാനുള്ളൂ’.അനുഭവത്തിന്റെ വെടിയുപ്പ് കലർത്താതെ അയാൾ ഒന്നും എഴുതുകയോ ആവിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. ക്ഷോഭ നേരത്തേ അഭിനയിച്ച ലീന മണിമേഖലയുടെ സെങ്കടലും തമിഴ് അഭയാർത്ഥി ദുരന്തങ്ങളുടെ ഉള്ളുരുക്കുന്ന കാഴ്ച്ചകളാണ്. 2010-ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ച ട്രെയിറ്റർ, ഗറില്ലാ എന്നീ നോവലുകളും ക്ഷോഭാശക്തിയുടെ രക്തരൂക്ഷിതമായ പോരാട്ടജീവിതത്തിന്റെ കഥകളാണ്.

‘ലങ്കയിലെ തമിഴ് മണ്ണിൽ ഇപ്പോഴും നടക്കുന്നത് ഭരണകൂടത്തിന്റെ നിശബ്ദയുദ്ധമാണ്, അധിനിവേശമാണ്. അവിടെ ജനാധിപത്യങ്ങൾക്ക് പുല്ലുവിലയാണ്. നിയമപരമായി എനിക്ക് ഇപ്പോഴും എന്റെ ജന്മനാട്ടിലേക്കു മടങ്ങാനാവില്ല. അതിനുള്ള രേഖകളില്ല. നാടുവിട്ടത് നിയമവിരുദ്ധമായി പാസ്‌പോർട്ട് ഉണ്ടാക്കിയാണ്. അഭായർത്ഥികൾക്കുള്ള പ്രത്യേക യാത്ര രേഖകളുമായി വേണമെങ്കിൽ എനിക്ക് തിരിച്ചു പോകാം. എന്തിന്?’ സ്വന്തം ജന്മരാജ്യത്തേക്ക് ഒരു ടൂറിസ്റ്റിനെപ്പോലെ പോകാൻ തനിക്കാവില്ലെന്നാണ് ക്ഷോഭാശക്തി പറയുന്നത്. ഇനി പോകുന്നുണ്ടെങ്കിൽ സ്വതന്ത്രമായി സംസാരിക്കാനും എഴുതാനും അവകാശം ലഭിക്കണം. അത് കിട്ടില്ല. പിന്നെ എന്തിന് പോകണം എന്നാണ് അയാൾ ചോദിക്കുന്നത് .

ആ സംസാരം അവസാനിക്കാതിരിക്കാനായി ഞാൻ രണ്ടാമതും ഓരോ സിഗററ്റുകൾക്ക് തീക്കൊടുത്തു. ‘പോകാൻ നാടില്ല, വീടില്ല. അഭയാർത്ഥികൾ എപ്പോഴും അഭയാർത്ഥികളാണ്. ആ ദുർഗതി സംഭവിച്ചാൽ പിന്നെ ഒരു മടക്കമില്ല. അഭയാർത്ഥിയായി തന്നെ മരിക്കും’. സിഗരറ്റ് കെട്ടു തുടങ്ങിയപ്പോൾ അയാൾ അത്രയും കൂടി പറഞ്ഞു. ഗോവയിലെ ഇരുട്ടിൽ അയാൾ അലിഞ്ഞ് തീരുന്നതു തന്നെ ഞാൻ നോക്കി നിന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here