പച്ചപ്പരിഷ്‌കാരികളാ..; പക്ഷേ ഉള്ളിലിരുപ്പ് ഇപ്പോഴും പഴഞ്ചൻ

ഇന്ത്യയിലെ യുവത്വം പച്ചപ്പരിഷ്‌കാരികളായി മാറുമ്പോഴും ഉള്ളിലിരുപ്പ് ഇപ്പോഴും പഴഞ്ചനായി തുടരുന്നെന്നു റിപ്പോർട്ട്. ഇന്ത്യയിലെ യുവാക്കൾക്ക് ഉടുപ്പിൽ മാത്രമേ പരിഷ്‌കാരമുള്ളൂ മനസ്സ് പഴഞ്ചനാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവല്പ്പിംഗ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഇന്ത്യൻ യുവത്വത്തിന്റെ തനിനിറം വെളിവായത്.

പ്രണയവിവാഹം, അറേഞ്ച്ഡ് മാര്യേജ്, ബീഫ് തീറ്റ, വധശിക്ഷ തുടങ്ങി നിരവധി വിഷയങ്ങളിൽ നൽകിയ ചോദ്യാവലികൾക്ക് യുവാക്കൾ നൽകിയത് പിന്തിരിപ്പൻ മറുപടികളാണ്. പ്രണയവിവാഹത്തേക്കാൾ കൂടുതൽ പേരും പിന്തുണച്ചത് അറേഞ്ച്ഡ് മാര്യേജിനെ. ഭാര്യ ഭർത്താവിന്റെ അടിമ തന്നെ എന്നാണ് 51 ശതമാനം പേരുടെയും അഭിപ്രായം. വിവാഹശേഷം ഭാര്യ ജോലിക്കു പോകേണ്ട എന്ന് 41 ശതമാനം പേർ പറയുന്നു. വിവാഹത്തിനു മുൻപുള്ള ഡേറ്റിംഗ് വേണ്ട എന്നു 40 ശതമാനം പേരും പറയുന്നു.

49 ശതമാനം പേരും വധശിക്ഷയെ അനുകൂലിച്ചപ്പോൾ 30 ശതമാനം പേർ മാത്രമാണ് വധശിക്ഷ ഒ!ഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടത്. ബീഫ് കഴിക്കുന്നത് വ്യക്തിപരമായ കാര്യമാണന്നും അത് കഴിക്കേണ്ട എന്നു ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്നും അഭിപ്രായപ്പെട്ടത് 36 ശതമാനം പേർ മാത്രം. യുവാക്കളിൽ 58 ശതമാനം പേരും മാംസഭുക്കുകളാണെന്നും 30 ശതമാനം പേർ മാത്രമേ സസ്യഭുക്കുകളായിട്ടുള്ളൂവെന്നും സർവേ വ്യക്തമാക്കുന്നു.

ദൈവവിശ്വാസത്തിന്റെ കാര്യത്തിലും യുവജനതയ്ക്കു പിന്തിരിപ്പൻ നിലപാട് തന്നെ. 78 ശതമാനം പേരും ദൈവത്തിൽ വിശ്വസിക്കുന്നു. ഇതിൽതന്നെ 68 ശതമാനം പേർ പതിവായി ദേവാലയങ്ങളിൽ പോകുന്നവരാണെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. 19 സംസ്ഥാനങ്ങളിൽ നിന്ന് 15-34 പ്രായവിഭാഗത്തിൽ പെട്ട 6122 യുവാക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here