മകന്‍ നഷ്ടപ്പെട്ട അമ്മയെ സര്‍ക്കാര്‍ മനസിലാക്കണമായിരുന്നെന്ന് ചെന്നിത്തല; പൊലീസ് നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നത്; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം

മലപ്പുറം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്‍ നഷ്ടപ്പെട്ട അമ്മയെ സര്‍ക്കാര്‍ മനസിലാക്കണമായിരുന്നെന്നും പൊലീസ് നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പൊലീസിന്റെ അനാസ്ഥ അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, പൊലീസ് ആസ്ഥാനത്തുണ്ടായ സമരത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. പുറത്തുനിന്ന് വന്നവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്തുമെന്നും ഡിജിപി അറിയിച്ചു.

ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി താന്‍ ചര്‍ച്ചയ്ക്ക് തയാറായിരുന്നുവെന്നും ജിഷ്ണുവിന്റെ അമ്മയുള്‍പ്പെടെ ആറു പേര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്നെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം, സമരത്തിലേക്ക് പുറത്തുനിന്ന് ചിലര്‍ നുഴഞ്ഞുകയറിയെന്ന് ബന്ധുക്കളും പറഞ്ഞു. കെ.എം ഷാജഹാനും ഹിമവല്‍ ഭദ്രാനന്ദയും സമരത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞത്. പ്രശ്‌നങ്ങളുണ്ടാക്കിയത് ബിജെപി, എസ്‌യുസിഐ പ്രവര്‍ത്തകരാണ്.

ഇതിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് നടപടിയില്‍ വീഴ്ച പറ്റിയോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News