ജലദൗര്‍ലഭ്യവും വിട്ടുമാറാത്തരോഗവും; ജീവിക്കാനായി മനുഷ്യച്ചങ്ങല തീര്‍ത്ത് പാലോട് ഗ്രാമം

പാലോട്: ജലദൗര്‍ലഭ്യവും വിട്ടുമാറാത്തരോഗവും കാരണം പൊറുതി മുട്ടിയ പാലോട് നിവാസികള്‍ കാരണം തേടിയിറങ്ങിയപ്പോള്‍ ചെന്നെത്തിയത് ഞെട്ടിക്കുന്ന സത്യത്തിലേക്ക്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വന്‍തോതില്‍ വച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്ന അക്കേഷ്യ, മാഞ്ചിയം വൃക്ഷങ്ങള്‍ പ്രദേശത്തുള്ളവരെ ശ്വാസകോശ രോഗങ്ങളിലേക്കും മറ്റ് അലര്‍ജി രോഗങ്ങളിലേക്കും കൊണ്ടെത്തിച്ചിരിക്കുകയാണ്.

വിദേശരാജ്യങ്ങളില്‍ചതുപ്പ് നിലങ്ങള്‍ കരഭൂമിയാക്കാന്‍ വിത്തുപാകുന്ന അക്കേഷ്യചെടികള്‍ ഒരുനാടിന് ശാപമാകുന്ന കാഴ്ചയാണിവിടെ. തിരുവനന്തപുരം ജില്ലയില്‍ ഏറെ മഴ ലഭിക്കുന്ന പാലോട് പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു കാരണവും വിദേശ വൃക്ഷങ്ങളായ അക്കേഷിയയും മാഞ്ചിയവുമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ ഒരു പഠനത്തിലും കണ്ടെത്തിയിരുന്നു. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കും ഇവ കാരണമാകുന്നു എന്നും പഠനത്തില്‍ പറയുന്നു. ഈ തിരിച്ചറിവുകള്‍കൂടി വന്നതോടെയാണ് പാലോട് പ്രദേശത്തുള്ളവര്‍ അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനെതിരേ സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ ജനീകയ കൂട്ടായ്മ രൂപീകരിച്ച് സമരത്തിനിറങ്ങിയത്.

chain-protets-2

സമരത്തിന്റെ അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനുകള്‍ക്കെതിരേ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. രാവിലെ ഏഴ് മണിയോടെ പാലോടിനു സമീപപ്രദേശമായ പാണ്ഡ്യന്‍ പാറയില്‍ അക്കേഷ്യ, മാഞ്ചിയം വൃക്ഷങ്ങളുടെ നടീല്‍ ജോലികള്‍ക്കായി എത്തിയ തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞു. പിന്നീട് മനുഷ്യച്ചങ്ങല തീര്‍ക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സമരസമിതിയുടെ മുഖ്യ രക്ഷാധികാരിയുമായ വി.കെ.മധു ആദ്യ കണ്ണിയായ മനുഷ്യച്ചങ്ങലയില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സമരസമിതി ജനറല്‍ സെക്രട്ടറി വി.എസ്.പ്രമോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയര്‍മാന്‍ എം.ഷിറാസ്ഖാന്‍, മനേഷ് ജി നായര്‍ രക്ഷാധികാരികളായ പള്ളിവിള സലിം, രവീന്ദ്രന്‍, സാലി പാലോട്, ഡോ.കറുദ്ദീന്‍, ചന്ദ്രന്‍ നായര്‍, ജി.എസ്.ഷാബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പാലോട് ജംഗ്ഷനില്‍ സമരജ്വാല തെളിയിക്കലും പ്രകടനവും നടന്നിരുന്നു. തുടര്‍ സമരത്തിന്റെ ഭാഗമായി വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും അക്കേഷ്യ, മാഞ്ചിയം വൃക്ഷതൈകള്‍ വയ്ക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel