ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; എസ്‌യുസിഐ പ്രവര്‍ത്തകരും ഹിമവല്‍ ഭദ്രാനന്ദയും തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പൊലീസ് തടഞ്ഞത്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും കാണാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇവര്‍ക്കൊപ്പം എസ്‌യുസിഐ പ്രവര്‍ത്തകരും തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയും മറ്റു ചിലരും തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് സാധാരണ സമരങ്ങള്‍ നടക്കാറില്ല. ഇതിനിടയില്‍ ജിഷ്ണുവിന്റെ അമ്മ തറയില്‍ കിടന്നു. ഇവരെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഐജി മനോജ് എബ്രഹാം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ആസ്ഥാനത്തുണ്ടായ സമരത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. പുറത്തുനിന്ന് വന്നവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്തുമെന്നും ഡിജിപി അറിയിച്ചു.

ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി താന്‍ ചര്‍ച്ചയ്ക്ക് തയാറായിരുന്നുവെന്നും ജിഷ്ണുവിന്റെ അമ്മയുള്‍പ്പെടെ ആറു പേര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്നെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം, സമരത്തിലേക്ക് പുറത്തുനിന്ന് ചിലര്‍ നുഴഞ്ഞുകയറിയെന്ന് ബന്ധുക്കളും പറഞ്ഞു. കെ.എം ഷാജഹാനും ഹിമവല്‍ ഭദ്രാനന്ദയും സമരത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞത്. പ്രശ്‌നങ്ങളുണ്ടാക്കിയത് ബിജെപി, എസ്‌യുസിഐ പ്രവര്‍ത്തകരാണ്.

ഇതിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് നടപടിയില്‍ വീഴ്ച പറ്റിയോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here