ഒല വിളിച്ചു: ടാക്‌സി എത്തിയില്ല: വന്നത് 149 കോടിയുടെ ബില്‍

വിഡ്ഢിദിനത്തില്‍ ഒല ടാക്‌സി വിളിച്ച യുവാവിന് ലഭിച്ചത് 149 കോടിയുടെ ബില്‍. യാത്ര ചെയ്യാത്ത ട്രിപ്പിനാണ് ഒല ഇത്രയും തുകയുടെ ബില്‍ നല്‍കിയെന്നത് മറ്റൊരു തമാശ. മുംബൈ സ്വദേശിയായ സുശീല്‍ നര്‍സ്യനാണ് ഒലയില്‍ നിന്ന് എട്ടിന്റെ പണി കിട്ടിയത്.

മുംബൈയിലെ മുലുന്ദ് വെസ്റ്റിലെ വീട്ടില്‍ നിന്ന് വാകോല മാര്‍ക്കറ്റിലേക്കാണ് സുശീല്‍ ഒല ബുക്ക് ചെയ്തത്. എന്നാല്‍ സുശീലിന്റെ ഫോണ്‍ തകരാറിലായതോടെ ഡ്രൈവറുമായുളള ആശയവിനിമയം തടസപ്പെട്ടു. പിക്ക് ചെയ്യേണ്ട സ്ഥലത്ത് കാത്തിരുന്നിട്ടും ടാക്‌സി എത്താത്തതോടെ സുശീല്‍ മറ്റൊരു ഒല ബുക്ക് ചെയ്തു. അപ്പോഴാണ് ഞെട്ടിക്കുന്ന ബില്‍ സുശീലിന് ലഭിച്ചത്.

യാത്ര ചെയ്യാത്ത 300 മീറ്റര്‍ ദൂരത്തിന് 149 കോടിയുടെ ബില്ലാണ് സുശീലിന് സന്ദേശമായി ലഭിച്ചത്. മൊബൈല്‍ വാലറ്റിലുണ്ടായിരുന്ന 127 രൂപ ബില്‍ ചെയ്യപ്പെട്ടതായും സന്ദേശം ലഭിക്കുകയും ചെയ്തു. ആദ്യം ഏപ്രില്‍ ഫുള്‍ ആണെന്ന് കരുതിയെങ്കിലും സുശീലിന്റെ ട്വീറ്റിന് ഒല മറുപടി നല്‍കിയതോടെയാണ് സംഭവം സത്യമാണെന്ന് മനസിലായത്.

സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാറാണെങ്കിലും അല്‍പ്പസമയത്തേക്കെങ്കിലും കോടികളുടെ കടക്കാരനായി മാറിയ ഞെട്ടലിലായിരുന്നു സുശീല്‍ നര്‍സ്യന്‍. രണ്ടു മണിക്കൂറിനുള്ളില്‍ യുവാവിന്റെ പണം തിരികെ നല്‍കി കമ്പനി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News