ജാനകിയമ്മയുടെ പാട്ടുകള്‍ക്ക് 60 വയസ്; പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ച്, സുന്ദര ഗാനങ്ങളിലൂടെ തലമുറകളുടെ മനസില്‍ ഇടംപിടിച്ച് തെന്നിന്ത്യയുടെ വാനമ്പാടി

തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകി പാട്ടിന്റെ ലോകത്തെത്തിയിട്ട് അറുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. 1957 ഏപ്രില്‍ നാലിന് ടി ചലപതിറാവുവിന്റെ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് ജാനകിയുടെ ആദ്യ ഗാനം റെക്കോഡ് ചെയ്യപ്പട്ടത്. ഈ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അതേ വര്‍ഷം തന്നെ ‘മഗ്ദലന മറിയം’ എന്ന തമിഴ് ചലച്ചിത്രത്തിലൂട ജാനകിയുടെ സ്വരം സിനിമാ ഡിസ്‌ക്കുകളിലും കൊട്ടകകളിലുമെത്തി. ജാനകിയുടെ ശബ്ദ സൗന്ദര്യത്തിനുള്ള അംഗീകാരമെന്നോണം അതേ വര്‍ഷം തന്നെ മലയാളമടക്കം അഞ്ച് ഭാഷകളില്‍ പാടാന്‍ ജാനകിക്ക് അവസരം ലഭിച്ചു.

s-janaki

കേരള ആര്‍ട്‌സിന്റെ ബാനറില്‍ പുറത്തുവന്ന ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനുവേണ്ടി ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍, കരള്‍ നീറുകയോ എന്‍ വാഴ്‌വില്‍’ എന്ന ഗാനമാണ് ജാനകിയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട. ആദ്യ മലയാളഗാനം. പഴയ മദ്രാസിലെ എവിഎം സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്ങ്. പിഎന്‍ ദേവിന്റെ വരികള്‍ക്ക് എസ്എന്‍ ചാമി ഈണം പകര്‍ന്നു. അരങ്ങേറ്റ വര്‍ഷം തന്നെ മലയാളത്തിനും തമിഴിനും പുറമെ കന്നഡ, തെലുങ്ക്, സിംഹള ഭാഷകളിലും പാടാന്‍ കഴിഞ്ഞത് ജാനകിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു.

തെലുങ്കില്‍ നിന്നെത്തി ആദ്യം തമിഴ് ഗാനമാലപിച്ച ജാനകിക്ക് തമിഴിനേക്കാള്‍ കഠിനമായിരുന്നു മലയാള ഉച്ചാരണം. പൂര്‍ണതയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് മലയാള പഠനത്തിന് ജാനകി തയ്യാറായി. ഗാനരചയിതാക്കളെയും സംഗീത സംവിധായകരെയും നേരില്‍ക്കണ്ട് ഉച്ചാരണം മനസിലാക്കിയെടുക്കുന്നന രീതിയാണ് ജാനകി അവലംബിച്ചത്. വരികളോരോന്നും മാതൃഭാഷയായ തെലുങ്കില്‍ എഴുതിയെടുത്ത് മനഃപാഠമാക്കി ഓരോ പാട്ടും ജാനകി പാടി. ആ പാട്ടുകളിലൂടെ ആസ്വാദകരുടെ ഹൃദയത്തിലേക്കും ജാനകി കടന്നുകയറി. 60 വര്‍ഷത്തിന് ശേഷം 79-ാം വയസില്‍ പത്ത് കല്‍പ്പനകള്‍ എന്ന മലയാളചിത്രത്തിലെ അമ്മപ്പൂവിന് എന്ന ചിത്രത്തിലൂടെ ജാനകിയമ്മ ചലച്ചിത്ര ഗാനരംഗത്തോടും ഗാനമേളകളോടും വിടപറഞ്ഞു.

ഉപയോഗിക്കുവാനും ഉച്ചരിക്കുവാനും ഏറെ ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും ഇതുവരെ ജാനകിയുടെ ഉച്ചാരണത്തില്‍ പ്രശ്‌നമുള്ളതായി ആരും പറഞ്ഞിട്ടില്ല. മലയാളഭാഷ അറിഞ്ഞ് പരിശീലിച്ച് നല്ല ഉച്ചാരണത്തിലുള്ള പാട്ടുകള്‍ മധുരമായി ജാനകിയമ്മ പാടിത്തന്നുവെന്ന് പറയുന്നതാകും ശരി.

14 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജാനകിയമ്മ മലയാളത്തിന്റെ ദത്തുപുത്രി തന്നെയാണ്. 1981ല്‍ ഓപ്പോളിലെ ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്… എന്ന ഗാനത്തിലൂടെ ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലെത്തിച്ചതും ജാനകിയമ്മ തന്നെയാണ്. മലയാളത്തില്‍ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പം ജാനകിയമ്മ പാടിയിട്ടുണ്ട്. വി.ദക്ഷിണാമൂര്‍ത്തി, എം.എസ്.ബാബുരാജ്, കെ.രാഘവന്‍, ബ്രദര്‍ ലക്ഷ്മണന്‍, ബി.എ.ചിദംബരനാഥ്, എം.ബി.ശ്രീനിവാസ്, ആര്‍.കെ.ശേഖര്‍, പുകഴേന്തി, ജി.ദേവരാജന്‍, എം .എസ്.വിശ്വനാഥന്‍, എ.ടി.ഉമ്മര്‍, സലില്‍ ചൗധരി, ലക്ഷ്മികാന്ത് പ്യാരേലാല്‍, പി.എസ്.ദിവാകര്‍, എല്‍.പി.ആര്‍ വര്‍മ, രംഗനാഥന്‍, ശങ്കര്‍ ഗണേഷ്, ജിതിന്‍ ശ്യാം, ശ്യാം, ഇളയരാജ, ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ ചിലര്‍മാത്രം. ആടിവാ കാറ്റേ, പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളി നീ വാ; തുമ്പി വാ തുമ്പക്കുടത്തില്‍; നീലജലാശയത്തില്‍, മഞ്ഞണിക്കൊമ്പില്‍, മോഹം കൊണ്ടുഞാന്‍ ദൂരെയേതോ; തേനും വയമ്പും നാവില്‍ തൂകും; മലര്‍ക്കൊടി പോലെ; കിളിയേ കിളിയേ; വീണേ വീണേ; ആഴക്കടലിന്റെ തുടങ്ങിട ഗാനങ്ങള്‍ എന്നും എപ്പോഴും മലയാളിക്ക് ഹരമായി തുടരുന്ന ചില ഗാനങ്ങള്‍ മാത്രം.

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ ജാനകിയമ്മയ്ക്ക് കേരളത്തിലെത്തുമ്പോള്‍ സ്വന്തം നാട്ടിലോ വീട്ടിലോ എത്തുന്ന പ്രതീതിയാണ്. പ്രതിഭ കൊണ്ട് ആസ്വാദകനെ വിസ്മയിപ്പിച്ച, നൂറുകണക്കിന് സുന്ദര ഗാനങ്ങളിലൂടെ തലമുറകളുടെ മനസില്‍ ഇടംപിടിച്ച ജാനകിയമ്മയ്ക്ക് മലയാളി പകര്‍ന്നുനല്‍കിയ സ്‌നേഹമാണ് ഈ തോന്നലിന് അടിസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News