ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടിയിൽ ഐജി ഇന്നു റിപ്പോർട്ട് കൈമാറും;റിപ്പോർട്ട് നൽകുന്നത് മുഖ്യമന്ത്രിക്ക്; മഹിജയും സഹോദരനും ആശുപത്രി കിടക്കയിൽ നിരാഹാരം തുടങ്ങി

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടിയെ കുറിച്ച് ഐജി ഇന്നു മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് നൽകും. നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് ദക്ഷിണമേഖലാ ഐജി മനോജ് ഏബ്രഹാം മുഖ്യമന്ത്രിക്കു നൽകുക. അതിനിടെ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, സഹോദരൻ ശ്രീജിത് എന്നിവർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

പൊലീസ് നടപടിയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട മഹിജയും ശ്രീജിത്തും ആശുപത്രി കിടക്കയിലാണ് നിരഹാരം ആരംഭിച്ചത്. മകന്റെ ഘാതകരിൽ ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്നാണ് ഇന്നലെ ഡിജിപി പറഞ്ഞത്. പുറത്തുനിന്ന് വന്നവരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്തുമെന്നും ഡിജിപി ലേക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.

അതേസമയം, സമരത്തിലേക്ക് പുറത്തുനിന്ന് ചിലർ നുഴഞ്ഞുകയറിയെന്ന് ബന്ധുക്കളും പറഞ്ഞു. കെ.എം ഷാജഹാനും ഹിമവൽ ഭദ്രാനന്ദയും സമരത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞത്. പ്രശ്‌നങ്ങളുണ്ടാക്കിയത് ബിജെപി, എസ്‌യുസിഐ പ്രവർത്തകരാണ്.

ജിഷ്ണുവിന്റെ മരണം നടന്ന് 60 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തുന്നതിനായി എത്തിയത്. എന്നാൽ, പ്രതിഷേധക്കാരെ ആസ്ഥാനത്തിനു മുന്നിൽ പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്നാണ് പ്രതിഷേധക്കാരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്‌തെങ്കിലും മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചിരുന്നു. അറസ്റ്റ് നാടകമാണെന്നാണ് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News