യുവരാജ് തകർത്തടിച്ച് രാജാവായി; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദിനു മിന്നുന്ന ജയം

ഹൈദരാബാദ്: തകർത്തടിച്ച് യുവരാജ് സിംഗ് രാജാവായി വാണപ്പോൾ ഐപിഎൽ പത്താംസീസണിലെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു ജയം. യുവിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ 35 റൺസിനു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെയാണ് ഹൈദരാബാദ് തോൽപിച്ചത്. 27 പന്തിൽ 62 റൺസ് അടിച്ചെടുത്ത യുവിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഹൈദരാബാദ് സ്‌കോർ ഇരട്ടശതകം തികച്ചിരുന്നു.

ഹൈദരാബാദ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനു 172 റൺസിൽ കാലിടറി. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂർ ക്യാപ്റ്റൻ ഷെയ്ൻ വാട്‌സണു സന്തോഷിക്കാൻ വകയൊന്നുമുണ്ടായിരുന്നില്ല. ആകെ പറയാവുന്നത് രണ്ടാം ഓവറിൽ ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറെ 14 റൺസിൽ മടക്കി അയയ്ക്കാൻ സാധിച്ചതായിരുന്നു. എന്നാൽ, അതിനു ശേഷം പിടിച്ചുകെട്ടാമെങ്കിൽ ആയിക്കോ എന്ന തരത്തിൽ ബാറ്റു വീശിയ ശിഖർ ധവാനും മോയ്‌സ് ഹെൻറിക്വെയും മികച്ച അടിത്തറ നൽകി. ധവാൻ 40ഉം ഹെൻറിക്വെ 52ഉം റൺസെടുത്ത് പുറത്തായി.

അവിടെയും തീർന്നില്ല ബാംഗ്ലൂരിന്റെ ശനിദശ. യഥാർത്ഥ വെടിക്കെട്ട് ആരംഭിക്കാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ധവാൻ മടങ്ങിയ ശേഷം വന്നത് യുവരാജ് സിംഗ്. വന്നപാടെ അടിയും തുടങ്ങി. ഹെൻറിക്വെ മടങ്ങിയ ശേഷം ദീപക് ഹൂഡ യുവിക്കു പിന്തുണയുമായി എത്തി. അടിച്ചു തകർത്ത യുവി ഹൈദരാബാദിന്റെ റൺറേറ്റ് കുത്തനെ ഉയർത്തി. 27 പന്തിൽ 62 റൺസെടുത്താണ് യുവി മടങ്ങിയത്. ഹൂഡ 16 റൺസെടുത്ത് പുറത്തായി. ആറു പന്തിൽ 16 റൺസെടുത്ത ബെൻ കട്ടിംഗിന്റെ വെടിക്കെട്ട് കൂടിയായപ്പോൾ ഹൈദരാബാദ് ഇരട്ടശതകം തികച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം മികച്ചതായിരുന്നു. ക്രിസ് ഗെയ്‌ലും (32) മൻദീപ് സിങും (24) അടിച്ചു കളിച്ചപ്പോൾ ആറോവറിൽ അവർ 50 കടന്നു. എന്നാൽ ഐപിഎല്ലിൽ കളിച്ച ആദ്യ അഫ്ഗാൻ താരമായ റാഷിദ് ഖാൻ എറിഞ്ഞ നാലാം പന്തിൽ തന്നെ മൻദീപിനെ മടക്കി ഹൈദരാബാദ് ബാംഗ്ലൂരിന്റെ തകർച്ചയ്ക്കു തുടക്കമിട്ടു. റാഷിദിനു പുറമെ ആശിഷ് നെഹ്‌റ, ഭുവനേശ്വർ കുമാർ, എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News