സമരത്തെ കയറിപ്പിടിച്ച് പെപ്‌സി പുലിവാല് പിടിച്ചു; ഒറ്റദിവസം കൊണ്ട് പരസ്യം പിൻവലിച്ച് ഏറ്റുപറച്ചിൽ

ന്യൂയോർക്ക്: സമരത്തെ കയറിപ്പിടിച്ച് പെപ്‌സി പുലിവാല് പിടിച്ചു. ഒറ്റദിവസം കൊണ്ട് പരസ്യം പിൻവലിച്ച്്, ലോകത്തെ മധുരവെള്ളം കുടിപ്പിക്കുന്നവർ തടി കഴിച്ചിലാക്കി എന്നു പറഞ്ഞാൽ മതിയല്ലോ. ഗൗരവമുള്ള കാര്യങ്ങളുടെ കനം കുറയ്ക്കില്ലെന്ന് ഏറ്റുപറയുകയും ചെയ്തു.

ടെലിവിഷൻ താരം കെൻഡാൾ ജെന്നലിനെ അഭിനയിപ്പിച്ച മേത്തരം പരസ്യത്തിനാണ് ഈ ഗതി വന്നത്. ചൊവ്വാഴ്ചയാണ് പരസ്യം യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ബുധനാഴ്ച പിൻവലിക്കുകയും ചെയ്തു. അമേരിക്കയിൽ അടുത്തിടെ സജീവമായ തെരുവുസമരങ്ങളെ വില കുറച്ചു കാണുന്നതാണ് പരസ്യമെന്നു വിമർശനം ഉയർന്നതിനെ തുടർന്നാണ് പരസ്യം പിൻവലിക്കാൻ തീരുമാനിച്ചത്.

തെരുവുസമരം സംഘർഷത്തിലേക്കു നീങ്ങുമ്പോൾ ജെന്നൽ പൊലീസുകാരുടെ അടുത്തേക്കു ചെന്ന് പെപ്‌സി കൊടുത്ത് സംഘർഷം ഒഴിവാക്കുന്നതായിരുന്നു പരസ്യം. സമരം ഏത് എന്നു വ്യക്തമല്ല. പക്ഷേ, അടുത്തിടെയായി അമേരിക്കയിൽ നടക്കുന്ന കറുത്തവരുടെ സമരങ്ങളാണ് സൂചിപ്പിക്കപ്പെട്ടത് എന്നു പരക്കെ വിമർശനം ഉയർന്നു.

ഒരു പെപ്‌സിയും കൊണ്ട് സമരത്തിനു പോയിരുന്നെങ്കിൽ എന്നെ അറസ്റ്റ് ചെയ്യില്ലായിരുന്നു എന്നാണോ പരസ്യം പറയുന്നതെന്ന് ആക്ടിവിസ്റ്റ് ആയ ഡീറേ മക് കെസൻ ചോദിച്ചു. സോഡ വിൽക്കാൻ സമരങ്ങളെ ഉപയോഗിക്കുന്നോ എന്നു മുതൽ വെള്ളക്കാരിയായ ഒരു പണക്കാരി നടിയെ ഉപയോഗിച്ച് കറുത്തവരുടെ സമരങ്ങളെ നിന്ദിക്കുന്നോ എന്ന ചോദ്യം വരെ ഉയർന്നു.

പിന്നാലെ പെപ്‌സി പരസ്യം പിൻവലിച്ചു മാപ്പു ചോദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel