സംവിധായകൻ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി കൊച്ചി മേയർ സൗമിനി ജെയിന്റെ പരാതിയിൽ

കൊച്ചി: സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മേയർ സൗമിനി ജെയിൻ നൽകിയ പരാതിയിലാണ് ജൂഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂഡിനെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ജാമ്യത്തിൽ വിടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണത്തിനെതിരെയുള്ള തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സുഭാഷ് പാർക്ക് അനുവദിക്കണമെന്നു ജൂഡ് ആന്റണി മേയറെ അറിയിച്ചു. അതു അംഗീകരിക്കാൻ കൗൺസിലിന്റെ പ്രത്യേക അനുമതി വേണമെന്ന് മേയർ ജൂഡിനെ അറിയിച്ചു. തുടർന്ന് ജൂഡ് ആന്റണി തന്നെ അധിക്ഷേപിച്ചു സംസാരിച്ചുവെന്നാണ് മേയർ സൗമിനി ജെയിന്റെ പരാതി.

സുഭാഷ് പാർക്കിൽ തന്നെ ഷൂട്ട് ചെയ്യുമെന്നു വെല്ലുവിളിച്ചാണ് ജൂഡ് മടങ്ങിയതെന്നും മേയറുടെ പരാതിയിൽ പറയുന്നു. സംഭവദിവസം തന്നെ മേയർ പരാതി കമ്മീഷണർക്കു കൈമാറിയിരുന്നു. കമ്മീഷണർ പരാതി സെൻട്രൽ പൊലീസിനു കൈമാറി. മേയറുടെ മൊഴിയെടുത്ത പൊലീസ് ജൂഡ് ആന്റണിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ജൂഡിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here