പയ്യന്നൂർ ഹക്കീം വധക്കേസിൽ നാലു പേർ അറസ്റ്റിൽ; പിടിയിലായത് പയ്യന്നൂർ കൊറ്റി സ്വദേശികൾ; കൂടുതൽ പേർ അറസ്റ്റിലായേക്കും

കണ്ണൂർ: പയ്യന്നൂരിലെ ഹക്കീം വധക്കേസിൽ നാലു പേർ അറസ്റ്റിലായി. പയ്യന്നൂർ കൊറ്റി സ്വദേശികളായ നാസർ, അബ്ദുൾ സലാം, ഇസ്മയിൽ, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കൊറ്റി പള്ളി കമ്മിറ്റി പ്രസിഡണ്ടാണ് അബ്ദുൾസലാം. നാസർ പയ്യന്നൂരിൽ ഹോട്ടൽ വ്യവസായിയും ഇസ്മയിൽ മലേഷ്യയിൽ വ്യവസായിയുമാണ്. കേ്‌സിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഹൈക്കോടതി നിർദേശ പ്രകാരം കേസന്വേഷണം നടത്തിയ സിബിഐയുടെ കൊച്ചി യൂണിറ്റാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

പയ്യന്നൂർ തെക്കേ മാമ്പലം സ്വദേശിയായ ദാമോദരൻ മതംമാറി ഇസ്ലാംമതം സ്വീകരിച്ചാണ് അബ്ദുൾ ഹക്കീം (45) ആയത്. പിന്നീട് ഇയാൾ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായി. പള്ളിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളുടെ കണക്ക് കൈകാര്യം ചെയ്തിരുന്നത് ഹക്കീം ആണ്. ഇതിനിടെ പള്ളിയിൽ ചില നിർമ്മാണ പ്രവൃത്തികളും നടന്നു.

2014 ഫെബ്രുവരി 10-നാണ് കത്തിക്കരിഞ്ഞ നിലയിൽ ഹക്കീമിന്റെ ജഡം പള്ളിക്കു സമീപം കണ്ടത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്‌പെഷ്യൽ ടീമും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. നാട്ടുകാരുടെ കർമസമിതി തുടർച്ചയായി രണ്ടു വർഷത്തോളമാണ് സമരം നടത്തിയത്. അറസ്റ്റിലായ പ്രതികളെ കുറിച്ച് നേരത്തെ വ്യക്തമായ സൂചനകൾ പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ പ്രതികൾക്ക് യുഡിഎഫ് ഭരണത്തിന്റെ സ്വാധീനമാണ് ഇത്രകാലം രക്ഷിച്ചു നിർത്തിയത്.

ഹക്കീമിന്റെ ഭാര്യ സീനത്ത് നൽകിയ ഹർജിയെ തുടർന്നാണ് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. ഡിവൈഎസ്പി ഡാർവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇസ്മയിലിനെ മലേഷ്യയിൽ നിന്നും വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. പള്ളിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് കൊലയ്ക്കു കാരണമായതെന്നാണ് സൂചന.

കണ്ണുർ ജില്ലയിൽ ഏതു കൊലപാതകം നടന്നാലും ആദ്യം അതു സിപിഐഎമ്മിന്റെ തലയിൽ രാഷ്ടീയ എതിരാളികൾ കെട്ടിവെക്കാറുണ്ട്. ഹക്കീം വധക്കേസിലും ഇതേ നിലയിൽ സിപിഐഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി എതിരാളികൾ ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം തനിച്ചും കർമ്മസമിതിയുമായി സഹകരിച്ചും പ്രതികളെ കണ്ടെത്തുന്നതിനുള്ള പ്രക്ഷോഭങ്ങൾ തുടർന്നു. അതിന്റെ ഫലമായാണ് ഒടുവിൽ പ്രതികളുടെ അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here