സമരം സർക്കാരിനു എതിരല്ലെന്നു ജിഷ്ണുവിന്റെ അമ്മാവൻ; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ പൊലീസിലെ ചില ക്രിമിനലുകൾ ശ്രമിക്കുന്നു; അവരാണ് അറസ്റ്റ് വൈകിക്കുന്നതെന്നും ശ്രീജിത്

തിരുവനന്തപുരം: തങ്ങൾ നടത്തുന്ന സമരം ഒരിക്കലും സർക്കാരിനു എതിരല്ലെന്നു ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്. ജനകീയ സർക്കാരിനോ പാർട്ടിക്കോ എതിരായല്ല ഞങ്ങൾ സമരം നടത്തുന്നത്. അതിനു ഞങ്ങൾക്കു സാധിക്കില്ലെന്നും ശ്രീജിത് പറഞ്ഞു. പൊലീസിൽ ചില ക്രിമിനലുകൾ പ്രവർത്തിക്കുന്നുണ്ട്. അവരാണ് സമരം സർക്കാരിനു എതിരാക്കുന്നത്. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഈ ക്രിമിനൽ പൊലീസുകാർ ശ്രമിക്കുന്നു. അവരാണ് പ്രതികളുടെ അറസ്റ്റ് വൈകിക്കുന്നതെന്നും അമ്മാവൻ ശ്രീജിത് കൈരളി പീപ്പിൾ ടിവിയോടു പറഞ്ഞു.

ജനകീയ സർക്കാരിനോ പാർട്ടിക്കോ എതിരെ സമരം ചെയ്യാൻ ഞങ്ങൾക്കാവില്ല. ജിഷ്ണുവിന്റെ സർക്കാരാണിത്. അവന്റെ സർക്കാരിനെതിരെ സമരം ചെയ്താൽ അവന്റെ ആത്മാവ് അതു പൊറുക്കില്ല. ഞങ്ങൾക്ക് ഒറ്റ ആവശ്യമേ ഉള്ളു. ജിഷ്ണുവിനു നീതി ലഭിക്കണം. അവന്റെ കൊലയാളികളെ അറസ്റ്റ് ചെയ്താൽ തന്നെ ഈ അപമാനം മാറുമെന്നും ശ്രീജിത് പറഞ്ഞു.

പ്രസ്ഥാനത്തിനു വേണ്ടി ജീവൻ കൊടുത്ത നിരവധിയാളുകളുണ്ട്. അവരെ ഒന്നും വഞ്ചിക്കാനാവില്ല. ഞങ്ങളുടെ അച്ഛൻ അടക്കമുള്ളവർ പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ചവരാണ്. അതുകൊണ്ടു തന്നെ സർക്കാരിനെതിരെ സമരം ചെയ്യാൻ തങ്ങൾക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തിലേക്ക് പുറത്തുനിന്ന് ചിലർ നുഴഞ്ഞുകയറിയെന്ന് ബന്ധുക്കൾ ഇന്നലെ തന്നെ പറഞ്ഞിരുന്നു. കെ.എം ഷാജഹാനും ഹിമവൽ ഭദ്രാനന്ദയും സമരത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നെന്നാണ് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത് പറഞ്ഞത്. പ്രശ്‌നങ്ങളുണ്ടാക്കിയത് ബിജെപി, എസ്‌യുസിഐ പ്രവർത്തകരാണ്. ഷാജഹാനെയൊന്നും ഇതിനു മുമ്പ് പരിചയം പോലും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

ജിഷ്ണുവിന്റെ മരണം നടന്ന് 60 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തുന്നതിനായി എത്തിയത്. എന്നാൽ, പ്രതിഷേധക്കാരെ ആസ്ഥാനത്തിനു മുന്നിൽ പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്നാണ് പ്രതിഷേധക്കാരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്‌തെങ്കിലും മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചിരുന്നു. അറസ്റ്റ് നാടകമാണെന്നാണ് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News