കയറിക്കിടക്കാൻ ഇത്തിരി ഇടം കിട്ടിയാൽ ഭൂട്ടാനുകാർ ആദ്യം ഉണ്ടാക്കുന്നത് ശൗചാലയമാണ്; സന്തോഷത്തിന്റെ ശൗചാലയങ്ങൾ

ഭൂട്ടാൻ ഏറെ പിന്നാക്കം നിൽക്കുന്ന രാജ്യമാണ്. ഹിമവാന്റെ മടിത്തട്ടിലെ പ്രകൃതി രമണീയത മനം കുളിർപ്പിക്കും. സൗന്ദര്യത്തിൽ ഏറെ മുന്നിൽ. വികസന കണക്കുകളിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിൽ. ഒരുരാജ്യത്തിന്റെ ഹൃദയം നഗരമധ്യത്തിലെ പടുകൂറ്റൻ സിമന്റ് സൗധങ്ങളിലല്ല, പ്രാന്തങ്ങളിലെ ചേരികളിലെന്ന് പറഞ്ഞത് നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ ആണ്.

ആ തണുത്ത പ്രഭാതത്തിൽ തിംബുവിലെ ചേരികളിലൂടെ അലഞ്ഞു തിരിഞ്ഞപ്പോൾ ആദ്യം ശ്രദ്ധയിൽപെട്ടത് ചേരികളിലെ കൂരകളോടു ചേർന്നുളള പ്രകൃതിദത്ത ശൗചാലയങ്ങളായിരുന്നു. കൂരകൾ വളരെ ചെറുതാണ്. പല കൂരകൾക്കും സാമാന്യം സൗകര്യങ്ങൾ ഉള്ള ഒരു ഇന്ത്യൻ ശൗചാലയത്തിന്റെ വലുപ്പമേ ഉള്ളൂ. എന്നാൽ ഓരോ കൂരയോടു ചേർന്നും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. വലുപ്പത്തിൽ വളരെ ചെറുത്. എന്നാൽ ഒരുകാര്യത്തിൽ എല്ലാ ഇന്ത്യൻ നഗരചേരികളേയും ഇവർ പിന്തള്ളുന്നു. അത്ഭുതപ്പെടുത്തുന്ന വൃത്തിയുടെ കാര്യത്തിൽ.

Bhuttan 1

ഉടമസ്ഥാവകാശം ഇല്ലാത്ത സ്ഥലമായാലും ശൗചാലയത്തിനായി ചേരിനിവാസികൾ നിലത്ത് കുഴികൾ കുഴിക്കും. കോൺക്രീറ്റ് കൊണ്ടല്ല, കരിങ്കല്ലുകൊണ്ടാണ് കുഴിമൂടുക. ഇതിനിടയിലായി കാട്ടിൽ നിന്നു ശേഖരിക്കുന്ന മിനുസമുള്ള കരിങ്കല്ലുകൾ കൊണ്ടുതന്നെ ഇരിപ്പിടവും ഉണ്ടാക്കുന്നു. ഇതിനു ചുറ്റുമായി നാലു ചെറിയ മരക്കൊമ്പുകൾ കുത്തിനിർത്തും. മുകളിലും ചുറ്റുമായി പ്ലാസ്റ്റിക് ചാക്കുകൾക്കൊണ്ട് നന്നായി മറകെട്ടും. എപ്പോഴും അകത്തും പുറത്തുമായി രണ്ടു പാത്രങ്ങളിൽ നിറയെ വെള്ളമുണ്ടാവണം. ഇത്രയുമായാൽ ഭൂട്ടാനീസ് ശൗചാലയമായി.

തിംമ്പു നദിയിൽ നിന്ന് നല്ല തണുത്ത കാറ്റുണ്ട്. കാറ്റത്ത് ഒരു ശൗചാലയത്തിന്റെ പ്ലാസ്റ്റിക് മറയുടെ ഭാഗങ്ങൾ ആടാൻ തുടങ്ങി. ശൗചാലയം കാറ്റത്തു പറന്നുപോകുമോ? അത്ഭുതത്തോടെയും ഔത്സുക്യത്തോടെയും നാലു പുറവും നോക്കിയപ്പോൾ ഒരു ചേരിനിവാസി പുഞ്ചിരിക്കുന്ന മുഖവുമായി പുറത്തേക്കു വന്നു. സത്യാന്വേഷിയുടെ താൽപര്യം കണ്ടപ്പോൾ കണ്ടപ്പോൾ മരപ്പണിക്കാരനായ സൊനാം യേഷ് യെ വാചാലനായി. ‘കൊടുങ്കാറ്റിനും ഭൂകമ്പത്തിനും ഞങ്ങളുടെ ശൗചാലയത്തെ തൊടാനാവില്ല. അഥവാ പറന്നു പോയെന്നു തന്നെ കരുതുക, മിനിട്ടുകൾക്കുളളിൽ ഞങ്ങൾ പുതിയതൊരെണ്ണം കെട്ടിയുയർത്തും.’

Bhuttan 2

തിംമ്പുവിലെ താഷിച്ചോ ഡസോംഗ്, പാരോവിലെ വിശ്വപ്രസിദ്ധമായ ടാക് സാൻഗ് ആശ്രമം, പനാത്താ ആഘോഷം, ഡോച്യുലാപാസ്, ലോകത്ത് വിമാനമിറക്കാൻ ഏറ്റവും അപകടമുളള പാരോ വിമാനത്താവളം എന്നിങ്ങനെ സഞ്ചാരികളെ മനം കുളിർപ്പിക്കുന്ന ഏറെ കാഴ്ചകൾ ഭൂട്ടാനിലുണ്ട്. എന്നാൽ തിംമ്പു നഗരം കാണാനെത്തുന്നവർ സഞ്ചാരികളായാലും ഗവേഷകരായാലും ഈ പ്രകൃതിദത്ത ശൗചാലയങ്ങൾ അവരെ വിസ്മയിപ്പിക്കും. അധികം സ്ഥലമോ പണമോ വലിയ അദ്ധാനമോ ഇല്ലാതെ വൃത്തിയും വെടിപ്പുമുളള ഒരു ശൗചാലയം എങ്ങനെ നിർമ്മിക്കാമെന്ന് ഭൂട്ടാൻ ലോകത്തെ പഠിപ്പിക്കുന്നു.

സന്തോഷത്തിന്റെ ശൗചാലയങ്ങൾ

കയറിക്കിടക്കാൻ ഇത്തിരി ഇടം കിട്ടിയാൽ ആദ്യം പണിയേണ്ടത് ശൗചാലയമാണെന്ന ബോധ്യം ഭൂട്ടാനുകാർക്ക് ഉണ്ടായത് യാദൃശ്ചികമായല്ല. നൂറ്റാണ്ടുകളുടെ പഴക്കമുളള ‘നഗ്‌വാംഗ് നാംഗ്യാൽ’ ബുദ്ധസംസ്‌കാരം പറഞ്ഞതും പഠിപ്പിച്ചതും ശുചിത്വത്തെക്കുറിച്ചായിരുന്നു. നഗ്‌വാംഗ് നാംഗ്യാൽ ഭൂട്ടാനുകാരുടെ ആത്മീയാചാര്യനായ ബുദ്ധസന്യാസിയാണ്. മോക്ഷവും മനഃസമാധാനവും തേടിയെത്തിയവരോടെല്ലാം സന്തോഷത്തോടെ ജീവിക്കാൻ നാംഗ്യാൽ ഉപദേശിച്ചു.

പണമുണ്ടായാൽ സന്തോഷം ഉണ്ടാവില്ല. അതിനു പ്രകൃതിയോട് ഇണങ്ങിയുളള ജീവിതം നയിക്കണം. വൃക്ഷങ്ങളെ സംരക്ഷിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലത്ത് വിസർജ്ജിക്കരുത് എന്നിങ്ങനെ പോവുന്നു നഗ്‌വാംഗ് നാംഗ്യാലിൻറെ സന്തോഷ പ്രബോധനങ്ങൾ. നഗ്‌വാംഗ് നാംഗ്യാലിന്റെ സന്തോഷാധിഷ്ഠിത വൃത്തി സിദ്ധാന്തത്തിന് വികസനോന്മുഖ മുഖം നൽകിയത് ഹിമാലയ കൊച്ചുരാജ്യം അടക്കിഭരിച്ചിരുന്ന മൂന്നാമത്തെ വാംഗ്ച്യൂക്ക് രാജാവ് സിംഗ്യെ വാംഗ്ച്യൂക്ക് ആയിരുന്നു.

Bhuttan 3

വികസനത്തിനാവശ്യം മൊത്തവികസന സൂചികയല്ല, മൊത്ത സന്തോഷ സൂചികയാണെന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ട് വെച്ചു. കാലക്രമത്തിൽ ലോകത്ത് സന്തോഷ സൂചികയുടെ അടിസ്ഥാനത്തിൽ വികസനപദ്ധതികൾ നടപ്പിലാക്കുന്ന ഏകരാജ്യമായി ഭൂട്ടാൻ മാറി. ഭൂട്ടാന്റെ ഈ സന്തോഷ പാഠം ഉൾക്കൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന മാർച്ച് 20 രാജ്യാന്തര സന്തോഷ ദിനമായി പ്രഖ്യാപിച്ചത്.

സന്തോഷവും ശൗചാലയങ്ങളും തമ്മിലെന്ത് ബന്ധം?

ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞത് തിംമ്പുവിലെ ദേശീയ സന്തോഷ പഠന കേന്ദ്രം (ഭൂട്ടാനിലെ ജനങ്ങൾക്ക് എങ്ങനെ സന്തോഷം പ്രദാനം ചെയ്യണമെന്ന് ഗവേഷണം നടത്തുന്ന സ്ഥാപനം) എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോക്ടർ സാംഡു ഛേത്രിയാണ്. ‘നല്ല വൃത്തിയുളള അന്തരീക്ഷത്തിലേ സന്തോഷം ഉണ്ടാവൂ. അതിന് ആദ്യം വേണ്ടത് ശുചിത്വമുളള ശൗചാലയങ്ങളാണ്’.

ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. കുറഞ്ഞ ജനസംഖ്യയും ഉയർന്ന വിഭവസമ്പത്തുമാണ് ഭൂട്ടാന്റെ ഏറ്റവും വലിയ കൈമുതൽ. 2004-ൽ രാജ്യത്ത് ശുചിത്വപാലനത്തിന്റെ ഭാഗമായി ചേരിനിർമ്മാർജ്ജനം നടന്നു. രാജഭരണത്തിന്റെ ധാർഷ്ട്യത്തോടെ ചേരികൾ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചു. എന്നാൽ പ്രഖ്യാപനം നടത്തിയ അതേ വേഗത്തോടെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വീണ്ടും ചേരികൾ വ്യാപിച്ചു.

ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം വിവിധ ഭൂട്ടാൻ നഗരങ്ങളിലായി എഴുപതിനായിരം ചേരിനിവാസികൾ ഉണ്ട്. ഏഷ്യയിലെ ഏറ്റവും പ്രകൃതിദത്തവും വൃത്തിയുളളതുമായ നഗരമായ ഭൂട്ടാനിലെ കാലാബസാർ പരിസരത്തെ ചേരികൾ വിസ്‌ഫോടനകരമായ വേഗതയിലാണ് വളരുന്നത്. ഇപ്പോൾ രാജ്യം ഭരിക്കുന്ന ജിഗ്മി ഘേസാർ നാംഗയെൽ വാൻഗ് ച്യൂക്ക് രാജാവ് ഇന്ത്യൻ നഗരങ്ങളിലേതു പോലെ ഭൂട്ടാനിലും ചേരികൾ പടരുന്നതിൽ അസ്വസ്തനാണ്. സമ്പൂർണ്ണ രാജഭരണത്തിൽ നിന്ന് രാജ്യം രാജാവിന് വീറ്റോപവറുളള നിയന്ത്രിത ജനാധിപത്യത്തിലേക്കു മാറിയതോടെ ചേരികൾ ഇടിച്ചുനിരത്താൻ അത്ര ധൈര്യമില്ല. ചേരികളിൽ ശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രായോഗികമായ നടപടിയെന്ന് എല്ലാവരും തിരിച്ചറിഞ്ഞ് കഴിഞ്ഞു.

Bhuttan 4

‘എല്ലാവർക്കും ശുചിത്വമുളള ശൗചാലയം’ ഈ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, നഗ്‌വാംഗ് നാംഗ്യാൽ ബുദ്ധസന്യാസിയുടെ പ്രബോധനങ്ങൾ ഉരുവിട്ട് ചേരികളിൽ ശുചിത്വമുളള ശൗചാലയങ്ങൾ സ്ഥാപിക്കുന്നതിനായി ‘ഭൂട്ടാൻ ശൗചാലയ സംഘടന’ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. ഭൂട്ടാൻ ആരോഗ്യവകുപ്പും രാജ്യത്തെ മാധ്യമപ്രവർത്തകരും വ്യവസായ വാണിജ്യ പ്രമുഖർക്കുമെല്ലാം പ്രാതിനിധ്യമുളള സംഘടനയാണിത്.

എല്ലാം സന്തോഷത്തിലും ആത്മീയതയിലും ത്യജിക്കുന്ന ഭൂട്ടാനിൽ ദൈവവിശ്വാസത്തിന്റെ മേമ്പൊടിയുമായാണ് ശൗചാലയങ്ങൾ നിർമ്മിക്കുന്നത്. ചേരികളിൽ ഉയരുന്ന കൊച്ചുശൗചാലയങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം? മൊത്ത സന്തോഷ സൂചികയിൽ വിശ്വസിക്കുന്ന നാടിൽ ഉയരുന്ന ഈ അതിജീവനത്തെ വിശേഷിപ്പിക്കാൻ ‘സന്തോഷത്തിൻറെ ശൗചാലയങ്ങൾ’ എന്നല്ലാതെ മറ്റൊരു പേരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News