ഇവൻ പൊളിക്കും…, സാംസംഗ് ഗാലക്‌സി എസ് 8

ഇവൻ പൊളിക്കും. സാംസംഗ് ഗാലക്‌സി എസ് 8നെ കുറിച്ച് പറയാൻ ഇതുമാത്രമാണ് ഉള്ളത്. കിടിലൻ ഫീച്ചറുകളുമായാണ് സാംസംഗ് ഗാലക്‌സി എസ് 8 എത്തുന്നത്. മികച്ച ഡിസ്‌പ്ലേയും ഫെയ്‌സ് അൺലോക്ക് ഡിറ്റക്ടറും സഹിതമാണ് പുതിയ സാംസംഗ് എത്തുന്നത്. ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഇനി വിട നൽകാം.

നവീന സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും ഉൾക്കൊള്ളിച്ച സാംസംഗ് ഗ്യാലക്‌സിയുടെ എസ് 8, എസ് 8 പ്ലസ് സ്മാർട്‌ഫോണുകൾ ഏപ്രിൽ 21 ന് ഇന്ത്യൻ വിപണിയിലെത്താനിരിക്കുകയാണ്. പൊട്ടിത്തെറിച്ച നോട്ട് 7 ബാറ്ററികളുടെ കരിനിഴലിൽ നിന്ന് പുതിയ പാഠങ്ങൾ പഠിച്ചും സുരക്ഷയിൽ പുതിയ അളവുകോലുകൾ തീർത്തുമാണ് പുതിയ സമാർട്ട് ഫോണുകളുടെ വരവ്. ആപ്പിൾ ഐഫോൺ, എൽജി ജി 6, ഗൂഗിൾ പിക്‌സൽ തുടങ്ങിയ മുൻനിര ഫോണുകൾക്ക് വെല്ലുവിളിയുയർത്തുന്ന തരത്തിൽ മികവുകൊണ്ട് മത്സരിക്കുകയാണ് സാംസംഗിന്റെ പുതിയ ഫോണുകൾ.

ഇൻഫിനിറ്റി ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസ് എന്നീ ഫോണുകളിലെ ആകർഷകമായ ഒരു പ്രത്യേകത. ഫോണിന്റെ മുൻവശം ഏറെക്കുറെ ഡിസ്‌പ്ലേക്കായി ഉപയോഗിക്കാൻ സാംസംഗ് തയ്യാറായി. നിലവിലുള്ള സാംസംഗ് ഫോണുകളുടെ മുൻവശത്തുണ്ടായിരുന്ന ബ്രാൻഡിംഗ് പോലും ഒഴിവാക്കിയാണ് എസ് 8 ശ്രേണി ഫോണുകളുടെ വരവ്. ഫോണിന്റെ പിൻവശമാകട്ടെ, കണ്ണാടി പോലെ തിളങ്ങുന്നു.

5.8 ഇഞ്ച് സ്‌ക്രീൻ ഡിസ്‌പ്ലേ ആണെങ്കിലും എസ് 8 സ്മാർട്‌ഫോണിന് ഇൻഫിനിറ്റി ഡിസ്‌പ്ലേ നൽകുന്ന അനുഭവം ഇതിനുമപ്പുറത്താണ്. എസ് 8 പ്ലസ് തിരഞ്ഞെടുക്കുന്നവർക്ക് 6.2 ഇഞ്ച് ഡിസ്‌പ്ലേ ഫോണാണ് ലഭിക്കുക. ആപ്പിളിൽ നിന്നു കോപ്പിയടിച്ചതെന്ന് ആരോപിക്കപ്പെട്ട ഫിസിക്കൽ ഹോം ബട്ടൺ ഗ്യാലക്‌സി എസ് 8ൽ ഇല്ല. പകരം പുതിയ ഐഫോണിലേതു പോലെ തന്നെ വിർച്വൽ ഹോം ബട്ടണാണ് എസ് 8 മോഡലുകളുടെ പ്രത്യേകത.

ഐഫോണിലെ ഫോഴ്‌സ് ടച്ചിനെ അനുസ്മരിപ്പിക്കുന്ന സംവിധാനവും ഇതിലുണ്ട്. ഇൻഫിനിറ്റി ഡിസ്‌പ്ലേ വന്നതോടെ ഫിംഗർപ്രിന്റ് സ്‌കാനറിന്റെ സ്ഥാനം ഫോണിന്റെ പിന്നിൽ കാമറയുടെ വലതുവശത്താക്കി മാറ്റി. സെൽഫി കാമറയുടെ മികവാണ് പുതിയ മോഡലുകളുടെ മറ്റൊരു പ്രത്യേകത. കാമറയുടെ മികവിൽ എപ്പോഴും മറ്റു സ്മാർട് ഫോണുകളെക്കാൾ മുന്നിൽ നിൽക്കുന്ന സാംസംഗ് സെൽഫി കാമറയെ മികവുറ്റതാക്കിയിട്ടുണ്ട്.

ഓട്ടോഫോക്കസ് സംവിധാനമുള്ള 8 മെഗാപിക്‌സൽ ഫ്രണ്ട് കാമറ ഉന്നതനിലവാരമുള്ള സെൽഫികൾ നൽകും. ആൻഡ്രോയ്ഡിന്റെ ഭാഗമായ, വേഗവും മികവുമുള്ള ഫെയ്‌സ് അൺലോക്ക് ആണ് ഗ്യാലക്‌സി എസ്8ലെ മറ്റൊരു സവിശേഷത. ഇതാദ്യമായാണ് ഫെയ്‌സ് അൺലോക്ക് സംവിധാനം സാംസംഗ് ഫോണുകളുടെ ഭാഗമാകുന്നത്. ഫോൺ മുന്നിൽ പിടിക്കുന്ന നിമിഷം തന്നെ ഫോൺ അൺലോക്ക് ആകും. അതായത് വിസ്മയിപ്പിക്കുന്ന വേഗത്തിലാണ് ഫെയ്‌സ് അൺലോക്ക് പ്രവർത്തിക്കുക.

സുരക്ഷയ്ക്കായി ഐറിസ് സ്‌കാനർ സംവിധാനവും പുതിയ ഫോണിലുണ്ട്. വോയ്‌സ് കമാൻഡ് വഴി ഫോണിലെ മിക്ക ജോലികളും ചെയ്യുന്ന ബിക്‌സ് ബി സംവിധാനവും പുതിയ ഫോണിലുണ്ട്. സാംസംഗ് സ്വന്തമായി വികസിപ്പിച്ചെടുത്ത വിർച്വൽ അസിസ്റ്റൻസാണിത്. ബാറ്ററി ബാക്ക്-അപ്പ് വർധിപ്പിക്കുന്നതിനും ഫോണിന്റെ പ്രവർത്തന വേഗം കൂട്ടുന്നതിനുമായി 10 എൻഎം പ്രൊസസർ, വാട്ടർ ആൻഡ് ഡസ്റ്റ് റസിസ്റ്റൻസ് മികവിനായി ഐപി 68 സംവിധാനവും എസ് 8 മോഡലുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഏതു പൊടിയിലും മഴയിലും ആശങ്കയില്ലാതെ ഫോൺ ഉപയോഗിക്കാം. വെള്ളത്തിനടിയിൽ ഒന്നരമീറ്റർ വരെ ആഴത്തിൽ 30 മിനിറ്റ് സമയം വരെ ഫോൺ സുരക്ഷിതമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മെമ്മറി 4 ജിബി റാം മെമ്മറിയുള്ള ഫോണിന്റെ ഇന്റേണൽ മെമ്മറി 64 ജിബിയാണ്. 12 മെഗാപിക്‌സൽ കാമറയ്ക്ക് ഡ്യുവൽ പിക്‌സൽ, എഫ് 1.7 ലെൻസ് ഉണ്ട്. 4കെ വിഡിയോ റെക്കോർഡിംഗ്, ആൻഡ്രോയ്ഡിന്റെ ഏഴാം പതിപ്പായ നുഗട്ട് ഒഎസ് ആണ് ഫോണിൽ പ്രവർത്തിക്കുന്നത്.

മിഡ്‌നൈറ്റ് ബ്ലാക്ക്, ഓർക്കിഡ് ഗ്രേ, കോറൽ ബ്ലൂ, ആർക്ടിക് സിൽവർ, മേപ്പിൾ ഗോൾഡ് നിറങ്ങളിൽ പുതിയ ഫോൺ ലഭ്യമാണ്. 45,000 രൂപ മുതലായിരിക്കും ഇന്ത്യയിൽ ഫോണിന്റെ വില എന്നറിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News