1957നു ശേഷമുള്ള കേരളം നേട്ടവും പാഠവും | എംഎ ബേബി

ഐക്യകേരളത്തിലെ ആദ്യസര്‍ക്കാര്‍ രൂപീകരിച്ചിട്ട് ആറുപതിറ്റാണ്ടായിരിക്കുന്നു. അന്നുമുതല്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചും പരാജയപ്പെട്ടും കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിനും കമ്യൂണിസ്റ്റുകാര്‍ക്കും ഈ ആറുപതിറ്റാണ്ട് നല്‍കിയ നേട്ടവും പാഠവുമെന്താണ്?

സഖാവ് ഇ എം എസ് എഴുതി, 1957 ഏപ്രില്‍ അഞ്ചിന് കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. ഇത് ഒരു പുതിയ പരീക്ഷണമായി ഇന്ത്യയിലും ലോകത്താകെയും വിശേഷിപ്പിക്കപ്പെട്ടു. മുമ്പൊരിക്കലും കമ്യൂണിസ്റ്റ് പാര്‍ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിട്ടില്ലെന്നും പ്രഖ്യാപിക്കപ്പെട്ടു… ‘ലോകത്തിലൊന്നാമത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാരിനെ’1959 ജൂലൈ 31ന് ഇന്ത്യാ ഗവണ്‍മെന്റ് പിരിച്ചുവിട്ടു. ‘ജനാഭിലാഷം സ്ഥാപിക്കല്‍’എന്നാണ് സ്ഥാപിതതാല്‍പ്പര്യക്കാര്‍ ഈ പിരിച്ചുവിടല്‍ നടപടിയെ വിശേഷിപ്പിച്ചതെങ്കിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടി ധാര്‍മികമായും ഭരണഘടനാപരമായും തെറ്റായിരുന്നുവെന്ന് വിവേകശാലികളായ നിരീക്ഷകര്‍ക്കറിയാമായിരുന്നു.”(കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉത്ഭവവും വളര്‍ച്ചയും, അധ്യായം 33.)


1957 ആധുനിക കേരളത്തിന്റെ സൃഷ്ടി

കമ്യൂണിസമോ സോഷ്യലിസമോ കേരളത്തില്‍ ഉടന്‍ നടപ്പാക്കുക എന്ന ലക്ഷ്യമല്ല 1957ലെ സര്‍ക്കാരിനുള്ളതെന്നും സ്വാതന്ത്യ്രസമരകാലത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതും പിന്നീട് അവഗണിച്ചതുമായ പരിപാടികള്‍ നടപ്പാക്കലാണ് തങ്ങളുടെ പരിപാടി എന്നും ഇ എം എസ് വ്യക്തമാക്കിയിരുന്നു. അവയില്‍ ഏറ്റവും പ്രധാനം ഭൂബന്ധത്തിലെ പരിഷ്കരണമായിരുന്നു. ഏപ്രില്‍ അഞ്ചിന് അധികാരമേറ്റ മന്ത്രിസഭ‘ആറുദിവസത്തിനകം അതായത്, ഏപ്രില്‍ 11ന്, എല്ലാവിധ കുടിയാന്മാര്‍ക്കും ഒഴിപ്പിക്കലില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പില്‍ക്കാല കേരളസമൂഹത്തെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച നടപടിയാണിത്. കാര്‍ഷികപരിഷ്കരണ നിയമം കേരളത്തിലെ ഫ്യൂഡലിസത്തെ നിയമപരമായി അവസാനിപ്പിച്ചു.

അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസമേഖല അധ്യാപകരെയും വിദ്യാര്‍ഥികളെയും ചൂഷണം ചെയ്യുന്നതും ആധുനിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ഒരു തടസ്സവുമായിരുന്നു. ഇവയുടെ നടത്തിപ്പ് ക്രമപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ച് പാസാക്കി. വലിയ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും ഭാവി കേരളത്തിന്റെ വിദ്യാഭ്യാസനയത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ ഈ നിയമത്തിന് വലിയ പങ്കുണ്ട്. അന്ന് വിദ്യാലയങ്ങള്‍ കുറവായിരുന്ന മലബാര്‍പ്രദേശത്ത് സ്വകാര്യമേഖലയിലും പൊതുമേഖലയിലും പുതുതായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് സാമുദായികമായ അസന്തുലിതാവസ്ഥയ്ക്കും ഒരു പ്രതിവിധി ആയി.

അധികാര വികേന്ദ്രീകരണത്തിനായി സ്വീകരിച്ച നടപടികളാണ് ഈ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ ഏറ്റവും പ്രധാന ദിശാസൂചികളിലൊന്ന്. അന്ന് മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്കാര കമീഷന്‍ അധികാര വികേന്ദ്രീകരണത്തിനുള്ള ഭാവിപരിപാടികള്‍ക്ക് ഒരു രൂപരേഖ ഉണ്ടാക്കി.

മനുഷ്യാവകാശങ്ങളെക്കുറിച്ചുണ്ടാക്കിയ പുതിയ സമീപനമാണ് 1957ലെ സര്‍ക്കാര്‍ കേരളത്തിലുണ്ടാക്കിയ പുതിയൊരു വ്യവസ്ഥ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ പൊലീസും ജയിലും എന്തെങ്കിലും വിധത്തില്‍ വ്യത്യസ്തമാണെങ്കില്‍ അതിനുള്ള അടിസ്ഥാനമിട്ടത് 1957ലാണ്. പൊലീസിനെ നിര്‍വീര്യമാക്കുന്നു, സെല്‍ഭരണം എന്നൊക്കെ എതിരാളികള്‍ ആക്ഷേപിച്ചെങ്കിലും ബ്രിട്ടീഷ് വാഴ്ചയുടെ സംസ്കാരത്തില്‍നിന്ന് പൊലീസിനെ മാറ്റിയത് വലിയൊരു ജനകീയമുന്നേറ്റമായിരുന്നു. പൊലീസ് മര്‍ദനോപകരണമാണെന്ന ആശയം ചോദ്യംചെയ്യപ്പെട്ടു.

ഭരണത്തിനും അധ്യയനത്തിനും മാതൃഭാഷ മാധ്യമമാക്കാന്‍ ആരംഭിച്ചത് 1957ലെ സര്‍ക്കാരാണ്. തൊഴിലാളികള്‍ക്ക് മിനിമം വേതനവും സേവനത്തിന് വ്യവസ്ഥകളും ഉണ്ടാക്കിയതും ഈ സര്‍ക്കാര്‍തന്നെയാണ്. ഇവയെല്ലാമാണ് ആധുനിക കേരളത്തിന് അടിസ്ഥാനമിട്ട നടപടികള്‍.

1959 കേരളത്തിലെ വിരുദ്ധമുന്നണിയുടെ ഉദയം
1957ലെ സര്‍ക്കാരിന്റെ പുരോഗമന നടപടികള്‍ കേരളത്തിലെ സ്ഥാപിതതാല്‍പ്പര്യക്കാരെ വിറളിപിടിപ്പിച്ചു. കത്തോലിക്ക സഭയും മറ്റ്  ക്രിസ്ത്യന്‍സഭകളും മുസ്ളിംലീഗും ജനസംഘവുംപോലുള്ള വര്‍ഗീയകക്ഷികള്‍, എസ്എന്‍ഡിപി യോഗം, നായര്‍ സര്‍വീസ് സൊസൈറ്റിപോലുള്ള ജാതിസംഘടനകള്‍, ഭൂവുടമകള്‍, മുതലാളിമാര്‍ എന്നിവരാണ് ഈ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയില്‍ ചേര്‍ന്നത്. കേരളത്തിലെ പത്രങ്ങളും ഉദ്യോഗസ്ഥ സംവിധാനവും പൊലീസും ഈ വിരുദ്ധമുന്നണിക്ക് കൂട്ടുനിന്നു. കോണ്‍ഗ്രസാണ് ഈ വിരുദ്ധമുന്നണിക്ക് നേതൃത്വം നല്‍കിയത്. ഇവര്‍ നടത്തിയ വിമോചനലഹളയെത്തുടര്‍ന്ന് സര്‍ക്കാരിനെ പിരിച്ചുവിട്ടു. തുടര്‍ന്ന് 1960 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിരുദ്ധമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി 1957ല്‍ 40 ശതമാനം വോട്ട് നേടിയ സ്ഥാനത്ത് 1960ല്‍ 44 ശതമാനം വോട്ട് നേടി. കേരളത്തിലെ ജനങ്ങള്‍ ഇ എം എസ് സര്‍ക്കാരിന് നല്‍കിയ അംഗീകാരത്തിന് തെളിവാണ് ഇത്. ഈ വിരുദ്ധമുന്നണിയാണ് പില്‍ക്കാല കേരളസമൂഹത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചത്.

1957 ഒരു ദാര്‍ശനിക സംഭാവന
ഒരു ബൂര്‍ഷ്വാ ജനാധിപത്യത്തിനുള്ളില്‍ കമ്യൂണിസ്റ്റുകാര്‍ എങ്ങനെ ഒരു പ്രവിശ്യാ സര്‍ക്കാര്‍ രൂപീകരിക്കും എന്നതിലെ ഒരു ആദ്യ പരീക്ഷണമായിരുന്നു 1957. എന്നാല്‍, ആദ്യ കേരളസര്‍ക്കാര്‍ ഒരു പരീക്ഷണംമാത്രമല്ല, കമ്യൂണിസ്റ്റ് സിദ്ധാന്ത പ്രയോഗത്തില്‍ ഒരു ദാര്‍ശനിക സംഭാവന കൂടെ ആയിരുന്നു. മൂന്നാംലോകത്തെ ഒരു മുതലാളിത്തരാജ്യത്ത്, തെരഞ്ഞെടുക്കപ്പെടുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാം എന്നത് സംബന്ധിച്ച ഒരു പ്രത്യയശാസ്ത്രസംഭാവന കൂടെ ഇതിലുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ചെയ്ത ദാര്‍ശനികസംഭാവന എന്തെന്നു ചോദിക്കുന്ന വിമര്‍ശകര്‍ ഇത് കാണുന്നില്ല. സോവിയറ്റ് യൂണിയനും ചൈനയ്ക്കും ഒപ്പമുള്ള ഒരു സോഷ്യലിസ്റ്റ് പരീക്ഷണമാണ് കേരളം എന്നുപറയാന്‍ കഴിയുകയില്ല. എങ്കിലും സോഷ്യലിസത്തിലേക്ക് മുന്നേറാനുള്ള ഇന്ത്യന്‍മാര്‍ഗമായ ജനകീയ ജനാധിപത്യ മുന്നണി വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കുള്ള പങ്കിന്റെ പ്രാധാന്യം നമ്മള്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭാവനയെക്കുറിച്ച് സൈദ്ധാന്തികമായും പ്രായോഗികമായും ഇനിയും നിരവധി അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. എങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനങ്ങള്‍ നാളത്തെ ജനാധിപത്യ, സോഷ്യലിസ്റ്റ് പ്രയോഗങ്ങള്‍ക്ക് അവഗണിക്കാനാകാത്ത ഒരു ചരിത്രമാണ്. തെരഞ്ഞെടുപ്പുകളിലൂടെ വന്ന ലത്തീന്‍ അമേരിക്കയിലെയും മറ്റും സര്‍ക്കാരുകള്‍ക്ക് ഒരു മുന്‍ഗാമി ആയിരുന്നു 1957ലെ കേരള സര്‍ക്കാര്‍. സോഷ്യലിസത്തിന്റെ സോവിയറ്റ് പരീക്ഷണം നേരിട്ട വെല്ലുവിളിക്കുശേഷം കേരളമാതൃകയുടെ ദാര്‍ശനിക പ്രാധാന്യം വര്‍ധിക്കുകയാണുണ്ടായത്. കാര്‍ഷികബന്ധത്തിലൂന്നിയ ഇന്ത്യയിലെ ഫ്യൂഡല്‍വ്യവസ്ഥയെ എങ്ങനെ തകര്‍ക്കാം എന്നതിന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയും ഉണ്ടാക്കി. പില്‍്ക്കാലത്ത് പശ്ചിമ ബംഗാളും ത്രിപുരയും ഈ സര്‍ക്കാരില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു.

1957- 2017 കേരളത്തിനും കമ്യൂണിസ്റ്റ് പാര്‍ടിക്കും മുന്നിലുള്ള വെല്ലുവിളികള്‍
1957 അന്നത്തെ കേരളത്തെ ഫ്യൂഡലിസത്തില്‍നിന്ന് മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. പക്ഷേ, 1957ലെ സര്‍ക്കാരിനുശേഷം ലോകവും കേരളവും ഒരുപാട് മാറി. ശാസ്ത്ര- സാങ്കേതികരംഗത്തുണ്ടായ വളര്‍ച്ച ലോകമുതലാളിത്തത്തിന് പുതിയ പിടിവള്ളികള്‍ നല്‍കി. പുതിയൊരു വിവരവിപ്ളവത്തിന്റെ മുന്നില്‍നില്‍ക്കുന്ന നമ്മള്‍ കൂടുതല്‍ ജനാധിപത്യപരവും ആധുനികവുമായ ഒരു കേരളത്തിനായുള്ള അജന്‍ഡയുമായാണ് പ്രവര്‍ത്തിക്കേണ്ടത്. കൂടാതെ, കേരളത്തിന്റെ ആധുനീകരണത്തിനും ജനാധിപത്യവല്‍ക്കരണത്തിനുമുള്ള 1957ലെ ലക്ഷ്യങ്ങള്‍തന്നെയും പാതി പൂര്‍ത്തീകരിച്ചവയാണിന്നും. ഭൂപരിഷ്കരണം നടന്നെങ്കിലും സമൂഹത്തിലെ ഏറ്റവും താഴെയുള്ള ദളിതരിലൊരുവിഭാഗം ഇന്നും ഭൂരഹിതരായി കഴിയുന്നു. ഭൂപരിഷ്കരണത്തെ തോല്‍പ്പിക്കാനായി വലതുപക്ഷശക്തികള്‍ നടത്തിയ താമസിപ്പിക്കല്‍തന്ത്രംമൂലമാണ് ഇതുണ്ടായത്. ഈ പ്രശ്നം അഭിമുഖീകരിക്കുക കേരളത്തിന്റെയും കമ്യൂണിസ്റ്റുകാരുടെയും മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.  നമ്മുടെ വിദ്യാഭ്യാസരംഗത്തുണ്ടായ വളര്‍ച്ച വലുതാണ്. പക്ഷേ, ഇടക്കാലത്തുണ്ടായ മുതലാളിത്തവല്‍ക്കരണം കച്ചവട വിദ്യാഭ്യാസത്തെ കൂടുതല്‍ വളര്‍ത്തി. സാമൂഹ്യ ഉത്തരവാദിത്തമുള്ള ഒരു വിദ്യാഭ്യാസസമ്പ്രദായം ഉണ്ടാക്കാതെ കേരളം ഒരു പുരോഗമന സമൂഹമാകില്ല. കേരളത്തിലാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അധികാരവികേന്ദ്രീകരണം നടന്നിട്ടുള്ളത്. ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഈ ശ്രമം ജനകീയാസൂത്രണത്തോടെ പുതിയ ഒരു തലത്തിലെത്തി. “സ്വാതന്ത്യ്രലബ്ധിയും കേരളസംസ്ഥാന രൂപീകരണവും കഴിഞ്ഞാല്‍ ഈ സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ വിപ്ളവകരമായ പ്രസ്ഥാനമാണ് ജനകീയാസൂത്രണമെന്ന് സ. ഇ എം എസ് പറഞ്ഞിട്ടുണ്ട്. എന്നാലും, 1957ല്‍ ലക്ഷ്യംവച്ച അധികാര വികേന്ദ്രീകരണം ഇനിയും അകലെയാണ്. ഇംഗ്ളണ്ടിലെയും മറ്റുംപോലെ പൊലീസുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാകണമെന്നായിരുന്നു, അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടണമെന്നായിരുന്നു ഇ എം എസിന്റെ കാഴ്ചപ്പാട്.
കേരളത്തിന്റെ ആധുനീകരണവും സാമ്പത്തികവളര്‍ച്ചയും പുതിയസാഹചര്യത്തില്‍ എങ്ങനെയാകണം എന്നതിനുള്ള പദ്ധതികളുണ്ടാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ. കേവലസാമ്പത്തികവളര്‍ച്ച എന്നതിനുപരി സമഗ്ര സമൂഹ പുരോഗതി എന്ന ലക്ഷ്യം മുന്നില്‍ വയ്ക്കേണ്ടിയിരിക്കുന്നു.  അതിനുള്ള നടപടികളാണ് നമ്മുടെ ഒരു മുഖ്യചുമതല. ഈ പുരോഗതി പാരിസ്ഥിതിക സന്തുലനത്തോടെയേ ആകാവൂ എന്നതില്‍ ഇന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് സംശയമൊന്നും ഇല്ല.

സ്ത്രീകളുടെ തുല്യസ്ഥാനം എന്നത് ആധുനികകാലത്ത് ഉയര്‍ന്നുവന്ന ഒരു പ്രശ്നമാണ്. കേരളസമൂഹത്തെ അത്തരത്തിലുള്ള ഒരു തുല്യതയിലേക്ക് നയിക്കാനുള്ള കടമ കമ്യൂണിസ്റ്റുകാരുടേതാണ്. ജാതിമത സ്വത്വങ്ങളുടെ പേരില്‍ സമൂഹത്തെ വിഘടിപ്പിക്കുന്നതിനെ ചെറുക്കേണ്ടതും കമ്യൂണിസ്റ്റുകാരാണ്.

1959ലെ വിരുദ്ധമുന്നണിയുടെ തുടര്‍ച്ചയായി ജാതിമത വര്‍ഗീയ ശക്തികള്‍ ഇന്നും എല്ലാ ആദര്‍ശങ്ങളും വെടിഞ്ഞ് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നില്‍ക്കുന്നു. അതില്‍ സംഘപരിവാറും മുസ്ളിം മതമൌലികവാദികളും തീവ്രവാദികളും കത്തോലിക്ക സഭയും കമ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളുമെല്ലാം ഉണ്ട്. ഫാഷിസ്റ്റിക്കായ ഒരു പാര്‍ടി ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുമ്പോള്‍ ഈ വിരുദ്ധമുന്നണിയെ നേരിടുന്നതിന് പുതിയ ആലോചനകള്‍ വേണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel