യുഡിഎഫ്-ബിജെപി ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം; ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല; ശാസ്താകോട്ടയില്‍ പൊലീസിന് നേരെ കയ്യേറ്റം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സമ്മിശ്ര പ്രതികരണം. ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ച് യുഡിഎഫ് -ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

രാവിലെ 6മണിമുതല്‍ ആരംഭിച്ച ഹര്‍ത്താലിനോട് വിവിധ ജില്ലകളില്‍ ജനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു. തെക്കന്‍കേരളത്തില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും കാറുകളും നിരത്തിലോടി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മെഡിക്കല്‍കോളേജ്, ആര്‍എസിസി എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികളെ പൊലീസ്, വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലുമായി യഥാസ്ഥാനങ്ങളില്‍ എത്തിച്ചു. സെക്രട്ടറിയേറ്റിലും കളക്ട്രേറ്റിലും ജീവനക്കാര്‍ എത്തിയെങ്കിലും ഹാജര്‍നില കുറവായിരുന്നു.

സിറ്റിക്കകത്ത് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ സമരാനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് നിറുത്തിവയ്ക്കുകയായിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിഡിജെസ്, എസ്ഡിപിഐ, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരും പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തി.

കൊല്ലത്ത് ഹര്‍ത്താലനുകൂലികള്‍ മൂന്നു ബസ്സുകള്‍ അടിച്ചു തകര്‍ത്തു. ശാസ്താംകോട്ടയില്‍ സിഐയ്ക്കും എസ്‌ഐയ്ക്കും നേരെ കോണ്‍ഗ്രസുകാരുടെ കൈയ്യേറ്റമുണ്ടായി. മദ്ധ്യകേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസ്സുകള്‍ നിരത്തില്‍ ഇറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും റോഡിലിറങ്ങി. കോട്ടയത്ത് ജോലിക്കെത്തിയ കെഎസ്ഇബിയിലെ ജീവനക്കാരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മലബാര്‍മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികമായത് ജനജീവിതത്തെ സാരമായി ബാധിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. അക്രമം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ വലിയ രീതിയിലുള്ള അക്രമസംഭവങ്ങളും സംഘര്‍ഷവും ഒഴിവാക്കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel