മലപ്പുറം തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടെന്ന് എസ്ഡിപിഐ; പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ടു ചെയ്യും; കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയും നേതാക്കളുടെ പ്രതികരണം

കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് നിഷ്പക്ഷ നിലപാടെന്ന് നേതാക്കള്‍. പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ടു ചെയ്യുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനാണെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി തന്നെ ഇക്കാര്യം ഒരു അഭിമുഖത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44,000 ഓളം വോട്ടുകള്‍ നേടിയ എസ്ഡിപിഐ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യുഡിഎഫിനെ പിന്തുണയ്ക്കുകയാണെന്നായിരുന്നു ആരോപണം. ഈ പശ്ചാത്തലത്തിലാണ് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി നിഷ്പക്ഷ നിലപാട് പ്രഖ്യാപിച്ചത്. ഇത്തവണ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ടായിരിക്കും ചെയ്യുകയെന്ന് നേതാക്കള്‍ അറിയിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്താനും എസ്ഡിപിഐ നേതാക്കള്‍ മറന്നില്ല. മലപ്പുറത്ത് വിജയിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് എസ്ഡിപിഐയുടെ സഹായം വേണ്ടി വരില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസിയുടെ പ്രതികരണം.

നിഷ്പക്ഷ നിലപാട് പ്രഖ്യാപിച്ചുവെങ്കിലും എസ്ഡിപിഐ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെയായിരിക്കുമെന്നാണ് നേതാക്കളുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel