സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കുന്നത് പരിഗണിക്കാമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളുടെ മൂലധന പര്യാപ്തതാ മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് ഉറപ്പു നല്‍കി. മൂലധന പര്യാപ്തതയുടെ കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിശ്ചയിച്ച ഉയര്‍ന്ന മാനദണ്ഡം നടപ്പാക്കുന്നതില്‍, 2016-17സാമ്പത്തികവര്‍ഷം ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ അയച്ച കത്തിനുള്ള മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

2017മാര്‍ച്ച് 31നകം സഹകരണ ബാങ്കുകള്‍ മൊത്തം റിസ്‌ക് വെയ്റ്റഡ് ആസ്തിയുടെ 9ശതമാനം മൂലധന പര്യാപ്തത കൈവരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നത്. 2016 മാര്‍ച്ച് 31ന് ഇത് 7 ശതമാനമായിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും ഈ മാനദണ്ഡം നേടുന്നതിനു സാധിച്ചിരുന്നു. എന്നാല്‍, 2016 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനവും, നിയന്ത്രണവും സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ, പ്രത്യേകിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നതിനാല്‍ ഈ ബാങ്കുകളുടെ സാമ്പത്തിക ആസൂത്രണം താളം തെറ്റുകയും ലാഭക്ഷമത കുറയുകയും ചെയ്തു.

നോട്ട് നിരോധനം ജനങ്ങളുടെ തിരിച്ചടവുശേഷിയില്‍ വരുത്തിയ കുറവ് സഹകരണ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കി. ഇത് പലിശനഷ്ടത്തിനും ഉയര്‍ന്ന തോതിലുള്ള കരുതല്‍ സൂക്ഷിക്കേണ്ടതിനും കാരണമാകുന്നതിനാല്‍ ബാങ്കുകളുടെ മൂലധന ശോഷണത്തിന് വഴിവയ്ക്കുകയും നിര്‍ദ്ദിഷ്ട മൂലധനപര്യാപ്തത കൈവരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News