ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ‘ചിന്നമ്മ’; ജയിലിലേക്ക് സന്ദര്‍ശക പ്രവാഹം; സ്വകാര്യ സംഭാഷണങ്ങള്‍ ഉന്നതരുടെ അറിവോടെ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലില്‍ കഴിയുന്ന വികെ ശശികല ചട്ടങ്ങള്‍ ലംഘിക്കുന്നതായി ആരോപണം. കര്‍ണാടക ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിക്ക് ജയിലിനുള്ളില്‍ 15 ദിവസത്തിനുള്ളില്‍ ഒരു സന്ദര്‍ശകനെ മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ ശശികലയെ സന്ദര്‍ശിച്ചത് 28 പേരാണ്. ജയില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കണം കൂടിക്കാഴ്ച നടക്കേണ്ടതെന്ന നിയമവും ശശികലയ്ക്കുവേണ്ടി കാറ്റില്‍ പറത്തിയെന്നാണ് ആക്ഷേപം.

ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവിനുള്ളിലാണ് ശശികലയെ കാണാന്‍ സന്ദര്‍ശകരെത്തിയത്. ഓരോ കൂടിക്കാഴ്ചയും 40 മിനിറ്റ് വീതം നീണ്ടുനിന്നു. ഇതില്‍ ചിലരുമായി പലതവണ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശകരെ കാണാന്‍ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സ്ഥലം അനുവദിക്കുകയും സ്വകാര്യ സംഭാഷണങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉന്നതരുടെ പിന്തുണയോടെയാണ് ചട്ടങ്ങള്‍ ലംഘിക്കുന്നതെന്നാണ് പരാതികള്‍.

സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് പുറമെ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ആര്‍കെ നഗറിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരന്‍, എം തമ്പിദുരൈ, എംഎല്‍എമാര്‍ എന്നിവരും ശശികലയെ കാണാനായി ജയിലിലെത്തിയിരുന്നു. ദിനകരനുമായി ഫെബ്രുവരി 20, മാര്‍ച്ച് 8 എന്നീ ദിവസങ്ങളില്‍ 45 മിനിറ്റ് വീതം സംസാരിച്ചിരുന്നുവെന്നും ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രയിലെ തെലുഗുദേശം പാര്‍ട്ടി എംഎല്‍സി മാഗുണ്ട ശ്രീനിവാസലു റെഡ്ഡി, ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇളവരശിയുടെ ബന്ധുക്കള്‍ എന്നിവരും പല തവണയായി ജയിലിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന വാര്‍ത്ത ജയില്‍ ഡിജി സത്യനാരായണ റാവു നിരസിച്ചു. നാല് വര്‍ഷത്തെ തടവിന് വിധിയ്ക്കപ്പെട്ട ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here