ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് എല്‍കെ അദ്വാനി; കേസില്‍ രണ്ട് വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാകണമെന്നും സുപ്രീംകോടതി

ദില്ലി: എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് എതിരെ ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നടത്താമെന്ന് സുപ്രീംകോടതി. കേസില്‍ രണ്ട് വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

ബാബ്‌റി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിലുള്ളത്. ഒന്ന് മസ്ജിദ് പൊളിക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നു കര്‍സേവകര്‍ക്ക് എതിരെയുള്ളത്. രണ്ടാമത്തേത് എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് എതിരെയുള്ളത്. എല്‍കെ അദ്വാനി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കാളിത്വം ചൂണ്ടികാട്ടി സിബിഐ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ കോടതി തള്ളിയിരുന്നു.

ഇതിനെതിരെയുള്ള സിബിഐ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദേശം. 25 വര്‍ഷത്തോളമായി കേസ് നീട്ടി കൊണ്ടുപോകുന്നത് നീതി നിഷേധിക്കലാണെന്നും 2 വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും കോടതി നീരീക്ഷിച്ചു. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന ഗൂഢാലോചനയില്‍ പങ്കാളിയായെന്ന സിബിഐ കുറ്റപത്രത്തിന്‍മേല്‍ ബിജെപി നേതാക്കള്‍ക്ക് എതിരെ വിചാരണയക്ക് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട കേസുകള്‍ ഏകീക്രതമായി പരിഗണിച്ച് ലക്‌നൗ കോടതിയില്‍ വിചാരണ നടത്താമെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി.

അതേസമയം, വിചാരണ നേരിടാന്‍ തയാറെന്നും എന്നാല്‍ റായ്ബറേലി കോടതിയില്‍ തന്നെ വിചാരണ നടത്തണമെന്നും അദ്വാനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍, പിസി ഘോഷ് എന്നിവരുടെ ബെഞ്ച് വിധി പറയാനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News