ആരോഗ്യമേഖലയ്ക്ക് അടിത്തറ പാകിയത് 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ | ബി.ഇക്ബാല്‍

കേരള ആരോഗ്യമേഖലയ്ക്ക് അടിത്തറ പാകിയത് 1957-ലെ കമ്യൂണിസ്റ്റ് സർക്കാരായിരുന്നു. അതിന് വലിയ സംഭാവന നല്കിയത് ആദ്യ ആരോഗ്യ മന്ത്രി എ ആർ മേനോനായിരുന്നു. പ്രമുഖ ജനാരോഗ്യ പ്രവർത്തകനും സംസ്ഥാന ആസൂത്രണ ബോർഡംഗവുമായ ഡോ. ബി. ഇക്ബാലിന്റെ ലേഖനം.

1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണ പരിഷ്കാരങ്ങൾ ജനങ്ങളുടെ ആരോഗ്യനിലവാരം വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ സാക്ഷരതാ നിലവാരം (പ്രത്യേകിച്ച് സ്തീകളുടെ സാക്ഷരത) ഉയർത്തിയതും ഭൂപരിഷ്കരണത്തിലൂടെ ജന്മിത്തം അവസാനിപ്പിച്ച് ഗ്രാമീണ മേഖലയിലെ ദരിദ്രരായ കൃഷിക്കാരുടെയും കർഷക ത്തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തിയതും., ആഹാരസാധനങ്ങളൂടെ കുറ്റമറ്റ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയതും തൊഴിലവകാശങ്ങൾക്കും ജീവിതസുരക്ഷക്കും വേണ്ടിയുള്ള സമരങ്ങൾക്ക് നിയമനിർമ്മാണത്തിലൂടെ പരിരക്ഷനൽകി ദുർബല ജനവിഭാഗങ്ങൾ നേരിട്ടുവന്നിരുന്ന കടുത്ത ചൂഷണത്തിന്റെ തോത് കുറച്ച് കൊണ്ടുവന്നതും ആരോഗ്യമേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് കാരണമായി. 57 ലെ കമ്മ്യൂണിസ്റ്റ് സർക്കാരായിരുന്നു. പിൽക്കാലത്ത് വിശ്വവിഖ്യാതമായ കേരള ആരോഗ്യ മാതൃകക്ക് അങ്ങിനെ അടിത്തറപാകിയത്.

കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന അവസരത്തിൽ മറ്റ് പലകാര്യങ്ങളിലുമെന്ന പോലെ ആതുരസേവന രംഗത്തും മലബാറും തിരുകൊച്ചിയും തമ്മിൽ വലിയ അന്തരം നിലവിലുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് മാത്രമായിരുന്നു സ്പെഷ്യാലിറ്റി ചികിത്സക്കായി കേരളീയർക്കാകെ ഏക ആശ്രയമായിട്ടുണ്ടായിരുന്നത്. ആരോഗ്യസംവിധാനങ്ങൾ വേണ്ടത്രയില്ലാത്ത മലബാർ ഭാഗത്ത് ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാൻ സർക്കാർ തീരുമാനിക്കയും 1957 ൽ കോഴിക്കോട് മായാപ്പറമ്പിൽ മെഡിക്കൽ കോളേജിന് തറക്കല്ലിടുകയും ചെയ്തു. 16 മാസം കൊണ്ട് മെഡിക്കൽ കോളേജിന്റെ കെട്ടിടസമുച്ചയം പൂർത്തിയാക്കി 1959 മാർച്ച് 15 ന് മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് കോളേജ് ഉദ്ഘാടനം ചെയ്തു. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്ര് ഡോ എ ആർ മേനോന്റെ നിശ്ചയദാർഢ്യവും ഭരണമികവും മൂലമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് നിലവിൽ വന്നത്.
ഡോ എ ആർ മേനോൻ ചുരുങ്ങിയ കാലം കൊണ്ട് നടപ്പിലാക്കിയ പദ്ധതികളാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ നവീകരണത്തിന് അടിസ്ഥാനമായി ഇന്നും നിലകൊള്ളുന്നത്. കോൺഗ്രസ്സ് പാർട്ടി നേതാവായിരുന്ന ഡോ എ ആർ മേനോൻ കൊച്ചി നിയമസഭയിലെ അംഗവും ഗ്രാമവികസന മന്ത്രിയുമായിരുന്നു. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് കൊച്ചി പ്രദേശത്ത് ഗ്രാമീണ വായനശാലകൾ ആരംഭിച്ചത്. തൃശ്ശൂർ നിയോജക മണ്ഡലത്തിൽ നിന്നും കെ കരുണാകരനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1960 ലെ തെരഞ്ഞെടുപ്പിലും വിജയിച്ച ഡോ മേനോൻ ആ വർഷം ഒക്ടോബർ 9 നു 74 മത്തെ വയസ്സിൽ നിര്യാതനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News