ആവേശം അവസാന പന്ത് വരെ; രഹാനെയും സ്മിത്തും തകർത്തടിച്ചു; പുണെയ്ക്ക് ത്രസിപ്പിക്കുന്ന ജയം

പുണെ: രഹാനെയും സ്മിത്തും തകർത്തടിച്ചപ്പോൾ അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പുണെ സൂപ്പർ ജയന്റ്‌സിനു ത്രസിപ്പിക്കുന്ന ജയം. ഒരു പന്ത് ശേഷിക്കെ ഏഴുവിക്കറ്റിനാണ് പുണെ മുംബൈയെ തോൽപിച്ചത്. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പുണെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ച്വറി നേടിയ രഹാനെയും നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുണെയ്ക്കു ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അവസാന ഓവറിലെ ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ടിലാണ് 185 റൺസ് എന്ന ലക്ഷ്യം മുന്നോട്ടു വച്ചത്.

തുടക്കം മുതൽ തകർത്തടിക്കുകയായിരുന്നു രഹാനെ. ഓപ്പണിംഗിനു കൂടെ ഇറങ്ങിയ മായങ്ക് അഗർവാളിനെ തുടക്കത്തിൽ തന്നെ നഷ്ടമായപ്പോൾ അടിച്ചുകളിക്കാൻ കൂട്ടിനു സ്മിത്തിനെ കിട്ടി. പിന്നെ ഇരുവരും ചേർന്ന് മുംബൈ ബൗളർമാരെ തലങ്ങുംവിലങ്ങും തല്ലി. 10 ഓവറിൽ സ്‌കോർ 90 കടത്തിയ ശേഷമാണ് രഹാനെ മടങ്ങിയത്. 34 പന്തിൽ 60 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം. 54 പന്തിൽ ഏഴു ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെ 84 റൺസുമായി സ്മിത്ത് പുറത്താകാതെ നിന്നു. 21 റൺസെടുത്ത സ്റ്റോക്‌സും 12 റൺസെടുത്ത ധോണിയും മികച്ച പിന്തുണ നൽകി.

ടോസ് നേടിയ പുണെ മുംബൈയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. പതുക്കെയാണ് മുംബൈ തുടങ്ങിയത്. നിലയുറപ്പിക്കും മുമ്പേ പാർത്ഥിവ് പട്ടേൽ (19) മടങ്ങി. തൊട്ടുപിന്നാലെ നായകൻ രോഹിത് ശർമയും (3) ഇമ്രാൻ താഹിറിനു മുന്നിൽ കീഴടങ്ങി. അടിച്ചുകളിക്കുകയായിരുന്ന ജോസ് ബട്ട്‌ലറെ (38) വിക്കറ്റിനു മുന്നിൽ കുടുക്കി താഹിർ വീണ്ടും മുംബൈക്കു പ്രഹരം ഏൽപിച്ചു. പിന്നീടുവന്ന നിതീഷ് റാണയും (34) ഭേദപ്പെട്ട കളി കളിച്ച് മടങ്ങി. അമ്പാട്ടി റായുഡു 10 റൺസെടുത്തും ക്രുണാൽ പാണ്ഡ്യ 3 റൺസെടുത്തും പുറത്തായി.

അവസാന ഓവറുകളിൽ തകർത്തു കളിച്ച പൊള്ളാർഡും ഹർദിക് പാണ്ഡ്യയുമാണ് മുംബൈ സ്‌കോർ 180നു മുകളിൽ എത്തിച്ചത്. 17 പന്തുകളിൽ നിന്ന് 27 റൺസായിരുന്നു പൊള്ളാർഡിന്റെ സമ്പാദ്യം. 15 പന്ത് നേരിട്ട ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ബാറ്റിംഗിലൂടെ 35 റൺസെടുത്ത് പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News