ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടിയിൽ ഐജിയുടെ അന്തിമറിപ്പോർട്ട് ഇന്ന്; പൊലീസിന്റെ വീഴ്ചയിലും ബാഹ്യഇടപെടലിലും വിശദീകരണം ഉണ്ടാകും; മഹിജ ആശുപത്രിയിൽ നിരാഹാരം തുടരുന്നു

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ച് ഐജി മനോജ് ഏബ്രഹാം ഇന്നു അന്തിമറിപ്പോർട്ട് നൽകും. പൊലീസ് ആസ്ഥാനത്തിനു മുന്നിലുണ്ടായ സംഭവങ്ങളിൽ പൊലീസിനു വീഴ്ച പറ്റിയോ, ബാഹ്യഇടപെടലുകളുണ്ടായോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്നതാകും റിപ്പോർട്ട്. അതേസമയം ജിഷ്ണുവിന്റെ അമ്മ മഹിജ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരാഹാരസമരം തുടരുകയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് ഐജി റിപ്പോർട്ട് കൈമാറുക.

പൊലീസ് ആസ്ഥാനത്തിനു മുന്നിലുണ്ടായ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിൽ പൊലീസ് നടപടിയെ കുറിച്ച് വിശദമായി പരാമർശിക്കും. മഹിജയ്ക്കുണ്ടായ പരുക്കുകളെ പറ്റി അറിയാൻ വൈദ്യപരിശോധനാ വിവരങ്ങൾ കൂടി പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. സംഭവത്തിൽ ബാഹ്യഇടപെടലുണ്ടായോ എന്നതു സംബന്ധിച്ചുള്ള വിവരവും റിപ്പോർട്ടിലുണ്ടാവും.

സമരം നേരിട്ടതിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നു ഐജി കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമറിപ്പോർട്ട് നൽകാൻ ഡിജിപി ആവശ്യപ്പെട്ടത്.

അതിനിടെ ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരനായ മൂന്നു പ്രതികളെ പിടികൂടുന്നതിന് സർക്കാർ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് മേധാവി നിധിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ സഹായം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമരവുമായി മുന്നോട്ട്‌പോകുമെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ സമരം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News