സിറിയയ്ക്കു നേരെ അമേരിക്കയുടെ സൈനികനടപടി; സിറിയൻ വ്യോമതാവളത്തിനു നേർക്ക് മിസൈൽ വർഷം; സൈനിക നടപടിക്ക് ഉത്തരവിട്ടത് ഡൊണാൾഡ് ട്രംപ്

ദമാസ്‌കസ്: സിറിയയ്ക്കു നേരെ അമേരിക്ക സൈനിക നടപടി തുടങ്ങി. സിറിയൻ വ്യോമതാവളത്തിനു നേർക്ക് അമേരിക്കൻ സൈന്യം മിസൈൽ വർഷം നടത്തി. ഷായരാത് വ്യോമതാവളത്തിനു നേർക്കാണ് അമേരിക്കൻ സൈന്യം മിസൈൽ ആക്രമണം നടത്തിയത്. സിറിയൻ വിമത ശക്തികേന്ദ്രത്തിനു നേർക്ക് രാസായുധ പ്രയോഗം നടത്തിയ സിറിയൻ സൈന്യത്തിന്റെ നടപടിക്കു പിന്നാലെയാണ് അമേരിക്ക സിറിയൻ സൈനിക താവളത്തിൽ മിസൈൽ വർഷം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് സൈനിക നടപടിക്കു ഉത്തരവിട്ടത്. ട്രംപ് പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യത്തെ സൈനിക നടപടിയാണിത്.

അമ്പതോളം മിസൈലുകൾ ഷായരാത് വ്യോമതാവളത്തിനു നേർക്ക് വർഷിച്ചതായാണ് വിവരം. സിറിയൻ യുദ്ധവിമാനവും എയർസ്ട്രിപ്പും ഇന്ധന സ്റ്റേഷനും ലക്ഷ്യമിട്ടായിരുന്നു മിസൈൽ വർഷം. ഇന്നു പുലർച്ചെ 3.45ഓടെയാണ് സൈനിക നടപടി ഉണ്ടായതെന്നു സിറിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെഡിറ്ററേനിയൻ കടലിലെ അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്ന് 50 ടോമഹോക് മിസൈലുകളാണ് വർഷിക്കപ്പെട്ടത്. ഹോംസിലെ വ്യോമതാവളമായിരുന്നു ഒരു ലക്ഷ്യസ്ഥാനം.

സൈനിക നടപടിയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തി. ദേശീയ താൽപര്യവുംസുരക്ഷയും മുൻനിർത്തിയാണ് സൈനിക നടപടി എടുത്തതെന്നാണ് സംഭവത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ് പറഞ്ഞത്. മാരകമായ രാസായുധങ്ങളുടെ പ്രയോഗത്തെയും വ്യാപനത്തെയും അമേരിക്ക ശക്തമായി ചെറുക്കുമെന്നും ട്രംപ് വ്യക്തമാക്കി. വിദേശനയത്തിന്റെ കാര്യത്തിൽ വലിയ രീതിയിൽ പ്രതിസന്ധി നേരിടുകയായിരുന്നു ജനുവരിയിൽ ചുമതലയേറ്റ ശേഷം ഇതുവരെ ട്രംപ്.

സിറിയയിൽ ആറുവർഷമായി തുടരുന്ന വിമതരും സൈന്യവുമായുള്ള യുദ്ധത്തിൽ അമേരിക്ക നേരിട്ട് ഇത്ര ശക്തമായ ഇടപെടൽ നടത്തുന്നത് ഇതാദ്യമായിട്ടാണ്. കഴിഞ്ഞ ദിവസം 70 പേർ കൊല്ലപ്പെട്ട രാസായുധ പ്രയോഗം നടന്നതിനു പിന്നാലെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ, രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തെ സിറിയ നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News