എത്ര ദൂരെയുള്ള വസ്തുക്കളും വ്യക്തമായി തേനീച്ചയ്ക്കു കാണാൻ സാധിക്കുമെന്നു പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ പുതിയ പഠനങ്ങളിലാണ് തേനീച്ചയുടെ കാഴ്ചശക്തി അപാരമാണെന്നു തെളിയുന്നത്. ജീവശാസ്ത്ര ലോകത്തെ അത്ഭുതങ്ങളിലൊന്നാണ് തേനീച്ചയുടെ ജീവിതം. കിലോമീറ്ററുകൾ പാറിപ്പറന്ന് പൂവും തേൻകണവും കണ്ടെത്തി തിരികെ കൂട്ടിലേക്ക് വഴിതെറ്റാതെയെത്തുന്ന അത്ഭുത ജീവിവർഗമാണിത്.
ഇത്തിരിക്കുഞ്ഞനാണെങ്കിലും തേനീച്ച കാഴ്ചശക്തിയിൽ മുമ്പനാണെന്നാണ് ഒരുപറ്റം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടുത്തം. ഇക്കാര്യത്തിൽ ഇന്നേവരെ ഉണ്ടായിരുന്ന അറിവാണ് അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുപറ്റം ശാസ്ത്രജ്ഞർ മാറ്റിമറിച്ചത്.
യൂറോപ്യൻ തേനീച്ചകളിൽ നടത്തിയ പഠനമാണ് പുതിയ അറിവുകളിലേക്ക് വഴിതുറന്നത്. സ്വീഡനിലെ ലണ്ട് യൂണിവേഴ്‌സിറ്റി ജീവശാസ്ത്ര വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോക്ടർ ഏലിയാസ് റിഗോസിയുടെ നേതൃത്വത്തിലുളള സംഘമാണ് പഠനവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞൻ തലച്ചോറും കുഞ്ഞൻ കണ്ണും ചെറിയ ശരീരത്തിലെ ആയിരക്കണക്കിന് നാഡി ഞരമ്പുകളും ഉപയോഗിച്ച് തേനീച്ചയ്ക്ക് വസ്തുക്കളെ എത്രത്തോളം വ്യക്തമായി കാണാനാകുമെന്നായിരുന്നു പഠനം.
മുഖത്തിന്റെയും കണ്ണിന്റെയും പ്രത്യേകത കൊണ്ട് ആറുഭാഗങ്ങളിൽ നിന്നാണ് കുഞ്ഞൻ കണ്ണുകളിലേക്കു പ്രകാശം പതിക്കുന്നത്. ഒരോ ഭാഗത്തും പ്രകാശത്തെ സ്വീകരിക്കുന്ന എട്ടു സുപ്രധാന സംവേദിക കോശങ്ങളും ഉണ്ട്. ഇങ്ങനെയുണ്ടാകുന്ന നിരവധി പ്രതിബിംബങ്ങളിൽ നിന്നു തലച്ചോർ കൃത്യമായ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ശാസ്ത്ജ്ഞൻമാർ കണ്ടെത്തി.
എത്രത്തോളം ദൂരെ നിന്നും എത്രത്തോളം കൃത്യമായും തേനീച്ചകൾക്ക് കാഴ്ച സാധ്യമാകുമെന്നുവെന്നും ഡോക്ടർ ഏലിയാസ് റിഗോസിയുടെ നേതൃത്വത്തിലുളള ശാസ്ത്രസംഘം പഠനം നടത്തിയിട്ടുണ്ട്. രാത്രിയും പകലും തേനീച്ചകളുടെ കാഴ്ചശക്തി എത്രത്തോളമുണ്ടെന്നും പഠനങ്ങൾ നടന്നു.
1914-ൽ ഡോ.കേൾ വോൺ ഫ്രിച്ച് നടത്തിയ പഠന നിരീക്ഷണങ്ങളായിരുന്നു തേനീച്ചയുടെ കാഴ്ചശക്തിയെ പറ്റി ശാസ്ത്രലോകത്തിനു കാലങ്ങളായുളള അറിവ്. പൂക്കൾ ഉൾപ്പെടെ വസ്തുക്കളെ നിറങ്ങൾ കൊണ്ടാണ് തേനീച്ചകൾ തിരിച്ചറിയുന്നതെന്നായിരുന്നു ആ പഠനങ്ങൾ.
തേനീച്ചകളുടെ കാഴ്ചശക്തിയുടെ സങ്കീർണതകൾ കണ്ടെത്തിയതോടെ വൈദ്യശാസ്ത്രരംഗത്ത് പ്രയോജനകരമാകുമെന്നും റോബോ കാമറകളിൽ പുത്തൻ പരീക്ഷണം നടത്താനാകുമെന്നും ശാസ്ത്രലോകം കരുതുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here