മാണി ലക്ഷ്യമിടുന്നത് യുഡിഎഫിലേക്കുള്ള മടക്കയാത്ര; മലപ്പുറത്തെ പിന്തുണ ആ യാത്രയുടെ തുടക്കം; തിരുവല്ലയിലെ അവിശ്വാസപ്രമേയം നിഗമനത്തിനു അടിവരയിടുന്നു

പത്തനംതിട്ട: മാണി കോൺഗ്രസ് യുഡിഎഫിനോടു വഴി പിരിഞ്ഞിട്ട് വർഷം ഒന്നുപോലും ആയിട്ടില്ല. തന്റെയും പാർട്ടിയുടെയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിലാണ് വേർപിരിയാൻ മാണി തീരുമാനമെടുത്തത്. പക്ഷേ, യുഡിഎഫ് വിട്ടെങ്കിലും മുന്നണി സംവിധാനത്തിലൂടെ ലഭിച്ച പല സ്ഥാനങ്ങളും പാർട്ടി ഒഴിഞ്ഞുകൊടുത്തില്ല എന്നത് അന്നേ ചർച്ചയായിരുന്നു. മുന്നണി വിടാൻ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്ന സംശയത്തിലാണ് മാണിയും കൂട്ടരും.

തിരിച്ചു യുഡിഎഫിലേക്കു തന്നെ പോയാൽ കൊള്ളാം എന്നൊരഭിപ്രായം പാർട്ടിക്കകത്തു തന്നെ കഴിഞ്ഞ കുറച്ചു നാളായിട്ട് പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. അപ്പോഴാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് വന്നത്. യുഡിഎഫിലേക്കുള്ള മടക്കം കാത്തിരുന്ന മാണിക്ക് ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ കത്ത് കൂടി വന്നതോടെ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും പാല് എന്ന അവസ്ഥയായി. കുഞ്ഞാലിക്കുട്ടിയുടെ വിളി യുഡിഎഫിലേക്കുള്ള തിരിച്ചുപോക്കിനുള്ള ഫ്രീ ടിക്കറ്റായി മാണി കണ്ടു.

മണ്ഡലത്തിൽ നേരിട്ടെത്തി വിവിധ പരിപാടികളിൽ പങ്കെടുത്തതും സ്ഥലത്തെ മാണി കോൺഗ്രസുകാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാക്കിയതും പഴയ കൂട്ടുകെട്ട് തുടരാൻ ആഗ്രഹമുണ്ടെന്ന തീരുമാനം പരസ്യമാക്കുന്നതായിരുന്നു. കോൺഗ്രസ് നേതൃത്വം തന്നെ നേരിട്ട് മാണിയെ യുഡിഎഫിന്റെ ഭാഗമാകാൻ ക്ഷണിച്ചിട്ടുമുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ മാണിയും കൂട്ടരും യുഡിഎഫിന്റെ ഭാഗമാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

യുഡിഎഫിലെ നേതാക്കളെല്ലാവരും ഓരോ ദിവസവും മാണിയോട് മടങ്ങി വരാൻ ആവശ്യപ്പെടുന്നുണ്ട്. തിരുവല്ലയിൽ കോൺഗ്രസ് നഗരസഭാ ചെയർമാനായ കെ.വി വർഗീസിനെതിരെ കോൺഗ്രസ് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ അതിൽ ആദ്യം ഒപ്പുവെച്ചത് മാണി കോൺഗ്രസ് പ്രതിനിധികളായിരുന്നു. ഇതു രണ്ടും ചെറിയ ഉദാഹരണങ്ങൾ മാത്രമാണെങ്കിലും മാണി കോൺഗ്രസ് ഇപ്പോഴും പരസ്യമായും രഹസ്യമായും യുഡിഎഫിന്റെ ഭാഗമായി തന്നെ പലയിടത്തും ഉണ്ട് എന്നത് കാണുമ്പോഴാണ് ഇതൊക്കെ ഒരു തമാശയായി ജനങ്ങൾക്ക് തോന്നുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News