കാവിപുതച്ച സബർമതി ആശ്രമം ഇന്നു ഗാന്ധിയെ മറന്നിരിക്കുന്നു; കോർപറേറ്റ് നയങ്ങളുടെ പ്രതീകമാണ് സബര്‍മതി

ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമാണ് വിശ്വപ്രസിദ്ധമായ സബർമതി ആശ്രമം. ഏറെക്കാലം സബർമതി ഏകത്വത്തിന്റേയും സ്വാശ്രയത്വത്തിന്റെയും സാമുദായിക സൗഹാർദത്തിന്റെയും പ്രതീകമായിരുന്നു. മഹാത്മാഗാന്ധി സബർമതിയെ വിശേഷിപ്പിച്ചതിങ്ങനെ:

‘സത്യാന്വേഷണത്തിനായുള്ള ഉചിതമായ ഇടമാണിത്. സ്വാശ്രയത്വത്തിന്റെയും മതേതര ചിന്തയുടേയും കൂട്ടായ്മയുടേയും സങ്കലിത വേദി. ഇവിടെയെത്തുന്നവർക്കു മനുഷ്യജീവിതം അടുത്തറിയാൻ സാധിക്കണം.’

1917 മുതൽ 1930 വരെയാണ് ഗാന്ധി സബർമതിയിൽ താമസിച്ചിരുന്നത്. അക്കാലത്ത് ജാതി-മത ഭേദമെന്യേ ജനങ്ങൾ ഗാന്ധിയെ കാണാനെത്തി. ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഏകസഹോദരങ്ങളായി ജീവിക്കാൻ ഗാന്ധി പറഞ്ഞു. വിദേശ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ചർക്കയിൽ നെയ്‌തെടുത്ത വസ്ത്രങ്ങൾ ധരിക്കാൻ ഉപദേശിച്ചു.

ബ്രിട്ടീഷുകാർ ഉപ്പിന് നികുതി ചുമത്തിയപ്പോൾ ഗാന്ധി ജനങ്ങളെ സബർമതിയിൽ വിളിച്ചുകൂട്ടി. 1930 മാർച്ച് 12നു സബർമതിയിൽ നിന്നാരംഭിച്ച ദണ്ഡിയാത്ര അധിനിവേശത്തിനെതിരെയുള്ള ആഗോള പോരാട്ടങ്ങളിൽ ഇന്നും ജ്വലിക്കുന്ന അധ്യായമാണ്.

Sabarmati 3

1930-ൽ ഗാന്ധി പ്രതിജ്ഞയെടുത്തു. ‘സ്വാതന്ത്ര്യം ലഭിക്കാതെ ഇനി സബർമതിയിലേക്കു ഞാൻ മടങ്ങില്ല.’ സബർമതി ആശ്രമം വിട്ടിറങ്ങിയ ഗാന്ധിക്ക് പിന്നീട് വിശ്രമമില്ലായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഹിന്ദു-മുസ്ലിം മതമൈത്രിക്കായി അഹോരാത്രം പ്രവർത്തിച്ചു. ആഗ്രഹിച്ചതു പോലെ സബർമതിയിലേക്കു മടങ്ങാൻ ഗാന്ധിക്കായില്ല. 1948 ജനുവരി 31ന് ഗാന്ധികൊല്ലപ്പെട്ടു.

സബർമതി ഇപ്പോൾ പുതിയൊരു പ്രതീകമാണ്. ആശ്രമത്തിൽ ഗാന്ധി താമസിച്ചിരുന്ന കൊച്ചുവീടിന്റെ വരാന്തയിൽ പ്രധാനമന്ത്രി നരേന്ദമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഇരിക്കുന്ന ചിത്രം പ്രതീകവത്കരിച്ചിരിക്കുന്നു. ആറുപതിറ്റാണ്ടുകൾക്കു ശേഷം സബർമതി ആശ്രമത്തിലുണ്ടായ മാറ്റത്തിന്റെ പ്രതീകം. പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോക്ടർ അസ്ഗർ അലി എൻജിനീയർ സബർമതി ആശ്രമത്തിനുണ്ടായ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു.

Sabarmati 1

‘ഞാൻ പലതവണ ഗുജറാത്ത് സന്ദർശിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ അവിടെ പതിവായിരുന്നു. അടുത്ത കാലത്തൊന്നും സബർമതി ആശ്രമത്തിലെ ഗാന്ധിയൻമാർ സമാധാന പ്രവർത്തനങ്ങൾ നടത്താനായി ഇറങ്ങിത്തിരിച്ചിട്ടില്ല. ഗാന്ധിയുടെ ഏറ്റവും വലിയ സമരായുധമായിരുന്നു നിരാഹാരസമരം. ഒരു ദിവസം നിരാഹാരമനുഷ്ടിക്കാൻ പോലും ആശ്രമത്തിലെ ഗാന്ധിയൻമാരെ കണ്ടില്ല.

ഗാന്ധിയൻമാർക്കെല്ലാം സാമുദായിക ശക്തികളെ ഭയമായിരുന്നു. ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെട്ടാൽ സംസ്ഥാന സർക്കാരിൽ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ നിന്നു പോകുമോയെന്ന് അവർ ഭയപ്പെട്ടു.'(ഭീകരവാദവും ഗാന്ധിയൻ അക്രമരഹിതസമരവും-അസ്ഗർ അലി, എൻജിനീയർ)

ഗുജറാത്ത് കലാപസമയത്ത് സബർമതി ആശ്രമം വിവാദക്കുരുക്കിലായി. സംഘികളുടെ ന്യൂനപക്ഷവേട്ടയിൽ നിന്നു രക്ഷതേടി ഒരു സംഘം മുസ്ലിങ്ങൾ സബർമതി ആശ്രമത്തിനു മുന്നിലെത്തി. രക്ഷകനായ മഹാത്മാഗാന്ധിയെയാണ് അവരോർത്തത്. പക്ഷെ നവീന ഗാന്ധിയൻമാർ ആശ്രമത്തിന്റെ വാതിലുകൾ കൊട്ടിയടച്ചു. ഗാന്ധിഹത്യയേക്കാൾ ക്രൂരമായ ഈ നടപടിയുടെ കാരണങ്ങൾ ആരാഞ്ഞ് ഈ ലേഖകൻ ഒരിക്കൽ സബർമതി ആശ്രമത്തിലെത്തി.

Sabarmati 2

ആകാശത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും പ്രതികരിക്കുന്ന സബർമതിയിലെ ഗാന്ധിയൻമാർ ഇതിനെക്കുറിച്ചുമാത്രം മാത്രം മൗനംപാലിച്ചു. കാര്യങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല. കലാപത്തിനു ശേഷം സാമൂഹ്യപ്രവർത്തക മേധാ പട്ക്കറുടെ നേത്യത്ത്വത്തിലുള്ള ഒരു സംഘം സാമൂഹ്യപ്രവർത്തകർ ഗുജറാത്തിൽ ഒരു സമാധാനയോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. യോഗം ചേരാനായി ഇവർ തെരെഞ്ഞടുത്ത സ്ഥലം സബർമതി ആശ്രമമായിരുന്നു. എന്നാൽ ആശ്രമം അധികൃതർ അനുമതി നൽകിയില്ല. ഗുജറാത്ത് കലാപം ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നായിരുന്നു ഗാന്ധിയൻമാരുടെ വിശദീകരണം.

കമ്മ്യൂണിസ്റ്റുകാരനായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ സബർമതി ആശ്രമത്തിലെത്തിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ വലിയ നേട്ടങ്ങളിലൊന്നായാണ് ഭരണനേതൃത്വം കൊട്ടിഘോഷിക്കുന്നത്. എന്നാൽ ഷി ജിൻപിംഗിന്റെ ഗുജറാത്ത് സന്ദർശനത്തിനു പുറകിലെ ലക്ഷ്യം തികച്ചും വാണിജ്യപരമായിരുന്നു. ഇന്ത്യയിൽ നിയന്ത്രണങ്ങളില്ലാതെ നിക്ഷേപം നടത്താൻ പറ്റിയ ഇടം ഗുജറാത്ത്് ആണെന്ന് തിരിച്ചരിഞ്ഞു. ഒരിക്കൽ ഇന്ത്യയുമായി ഉണ്ടാവാനിടയുള്ള യുദ്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ചൈനീസ് വാണിജ്യമന്ത്രി വാൻഗ് യീ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

‘യുദ്ധം എന്നേ തുടങ്ങിക്കഴിഞ്ഞു. മനുഷ്യരെ കൊന്നൊടുക്കിയുള്ള യുദ്ധമല്ല നമ്മുടേത്. വാണിജ്യ രംഗത്താണ് ഇപ്പോൾ നമ്മൾ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നത്.’ ഗാന്ധിനഗറിലെയും അഹമ്മദാബാദിലേയും സൂറത്തിലേയും ബറോഡയിലേയും കളിപ്പാട്ട കടകളിൽ ചെന്നാൽ ഈ ചൈനീസ് യുദ്ധം നേരിട്ടു കാണാം. അവിടെ കാണുന്നത് നിറയെ ചൈനീസ് കളിപ്പാട്ടങ്ങളാണ്. ഗാന്ധിയുടേയോ മോദിയുടേയോ നാട്ടിൽ നിർമ്മിച്ച കളിപ്പാട്ടങ്ങളല്ല.

പ്രക്യതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനു ചൈനയിൽ ശക്തമായ നിയന്ത്രണമുണ്ട്. അതുകൊണ്ടാണ് ഒളിംപിക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കർണ്ണാടകത്തിലെ ബെല്ലാരിയിൽ നിന്ന് ഇരുമ്പയിര് കടത്തിയത്. ഇരുമ്പയിര് കച്ചവടത്തിലൂടെ തടിച്ചു കൊഴുത്തത് ബിജെപിയുടെ രാജ്യത്തെ മുഖ്യസാമ്പത്തിക സ്രോതസ്സുകളിലൊന്നായ ബെല്ലാരി റെഡ്ഡി സഹോദരൻമാരായിരുന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്നു ചൈനയിലേക്കു കയറ്റി അയയ്ക്കുന്ന അയയ്ക്കുന്ന പ്രധാന പ്രകൃതി വിഭവങ്ങളിലൊന്ന് ഗ്രാനൈറ്റ് കല്ലുകളാണ്.

Sabarmati 4

വസ്ത്രങ്ങൾ മുതൽ കളിപ്പാട്ടങ്ങൾ വരെയുള്ളവ സ്വയം നിർമ്മിച്ച് സ്വാശ്രയ ശീലമുണ്ടാക്കണമെന്ന ഗാന്ധിയൻ വചനങ്ങളും ഗാന്ധിയൻ പരിസ്ഥിതിബോധവും വിസ്മരിക്കപ്പെടുന്നു. സബർമതിയുടെ പുതിയ നായകനായി അവരോധിക്കപ്പെട്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ മുഖ്യഉപദേശകർ വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും അദാനിയുമാണ്. ഗുജറാത്ത് സർക്കാർ കോർപ്പറേറ്റുകൾക്കു നൽകിയ അനാവശ്യ ആനുകൂല്യങ്ങളിലൂടെ സംസ്ഥാനത്തിനു 16,700 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി ചൂണ്ടിക്കാണിച്ചിരുന്നു.

കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകിയാൽ വൻ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് നരേന്ദ്ര മോദിയുടെ സാമ്പത്തിക ശാസ്ത്രം. ഈ വാദം പൊള്ളയാണെന്നു നാഷണൽ സാമ്പിൾ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് തെളിയിക്കുന്നു. 2004 മുതൽ 2011 വരെയുള്ള കാലയളവിൽ രാജ്യത്തെ വ്യാവസായിക ഉൽപാദന മേഖലയിൽ ഏറ്റവുമധികം തൊഴിലവസരം സൃഷ്ടിച്ചത് പശ്ചിമ ബംഗാൾ ആണെന്നു സർവേ വ്യക്തമാക്കുന്നു. ഇക്കാലത്ത് പശ്ചിമബംഗാൾ ഭരിച്ചിരുന്നത് ഇടതുപക്ഷമായിരുന്നു.

ഈ കാലയളവിൽ രാജ്യത്തെ വ്യാവസായിക ഉൽപാദന മേഖലയിൽ സൃഷ്ടിക്കപ്പെട്ട 58.7 ലക്ഷം പുതിയ തൊഴിലവസരങ്ങളിൽ 24 ലക്ഷവും ബംഗാളിന്റെ സംഭാവനയായിരുന്നു. ഈ കാലയളവിൽ മോദി ഗുജറാത്തിൽ സ്യഷ്ടിച്ചത് 14.9 ലക്ഷം തൊഴിലവസരങ്ങൾ മാത്രമായിരുന്നു. സത്യം പറയാനും സത്യം അന്വേഷിക്കാനും ആഹ്വാനം ചെയ്ത ഗാന്ധിയുടെ ജൻമദിനത്തിൽ പോലും ഇത്തരം സത്യങ്ങൾ ആരും അന്വേഷിക്കുന്നില്ല. ആരും പറയുന്നുമില്ല.

സ്വാശ്രയത്വത്തിന്റേയും മതസൗഹാർദത്തിന്റെയും തൊഴിൽ സംസ്‌കാരത്തിന്റെയും അധിനിവേശത്തിനെതിരെയുള്ള ചെറുത്തു നിൽപുകളുടെയും പ്രതീകമായിരുന്നു സബർമതി ആശ്രമം. കാവിപുതച്ച സബർമതി ഇന്നു കോർപ്പറേറ്റ് നയങ്ങളുടെ പ്രതീകമാണ്. അതെ, ഗാന്ധി ഇനി സബർമതിയിലേക്കു മടങ്ങിവരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here