മുടിയുടെ സംരക്ഷണത്തിനു കറ്റാർ വാഴ മാജിക്

മുടിയുടെ സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കൽപങ്ങളിൽ പ്രധാനമാണ്. മുടിക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങൾക്കും കറ്റാർ വാഴ ഉത്തമ ഔഷധമാണ്. അതുകൊണ്ടു തന്നെ കറ്റാർവാഴ ഉപയോഗിച്ച് വിവിധതരം സ്‌കിൻ ടോണിക്കുകളും സൺ സ്‌ക്രീൻ ലോഷനുകളും നിർമ്മിക്കുന്നുണ്ട്. അൾട്രാവയലറ്റ് രശ്മികളിൽ നിന്നു രക്ഷിക്കുവാനും സ്വാഭാവിക സൗന്ദര്യം വർധിപ്പിക്കാനും കഴിവുള്ള ഈ ചെടിയുടെ മാംസളമായ പോളകളിലെ നീര് ക്യാപ്പില്ലറി പ്രവർത്തനങ്ങളിലൂടെ മുടിയിഴകളിൽ പടരുകയും ഒരു നല്ല കണ്ടീഷണർ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.

സൗന്ദര്യ വർധകമായി മാത്രമല്ല ദഹനേന്ദ്രിയങ്ങളുടെ ശുദ്ധീകരണത്തിനു ഫലപ്രദമായ ഔഷധമെന്ന നിലയിലും അടുത്തിടെയായി കറ്റാർവാഴയ്ക്ക് പാശ്ചാത്യനാടുകളിൽ പ്രചാരം ഏറുകയാണ്. കേരളത്തിൽ കിട്ടാത്ത കറ്റാർ വാഴ ജെല്ലിയുടെയും ക്യാപ്‌സൂളിന്റെയും രൂപത്തിൽ പാശ്ചാത്യ വിപണികളിൽ സുലഭമായി ലഭിക്കും. വർഷപാതം കുറഞ്ഞ പ്രദേശങ്ങളിൽ വളരുന്ന ഈ ചെടി വളരെ എളുപ്പത്തിൽ നട്ടു വളർത്താവുന്നതാണ്. ഇന്ത്യയിൽ ചെടിയുടെ ചുവട്ടിൽ ധാരാളമായി പൊട്ടിവരുന്ന മുകുളങ്ങൾ വേർപെടുത്തി വളം ചേർത്ത മണ്ണിൽ നട്ടാൽ മതിയാകും.

വീട്ടുമുറ്റത്തും ചട്ടികളിലും വളർത്തുന്നതിനു പുറമെ തെങ്ങിൻ തോപ്പുകളിലും ആദ്യഘട്ടങ്ങളിൽ റബർ തോട്ടങ്ങളിലും ഇടവിളയായും കറ്റവാഴ കൃഷി ചെയ്യാവുന്നതാണ്. കിളച്ച് വളം ചേർത്ത മണ്ണിൽ ഏതാണ്ട് രണ്ടടി അകലത്തിൽ കൂനകളെടുത്ത് നട്ടുകൊടുത്താൽ, ഒന്നു രണ്ടു പ്രാവശ്യം കളറിപറിക്കലല്ലാതെ, പറയത്തക്ക ശുശ്രൂഷകളൊന്നും ആവശ്യമില്ല. രണ്ടാമത്തെ വർഷം തന്നെ വിളവെടുക്കാം. വിളവെടുക്കുമ്പോൾ പോളകൾ മാത്രം കടയ്ക്കൽ നിന്നു വെട്ടിയെടുത്ത വേര് മണ്ണിൽ തന്നെ നിർത്തിയാൽ അവയിൽ നിന്ന് ധാരാളം പുതിയ ചെടികൾ മുളച്ചു വരും.

ആയുർവേദത്തിൽ, ഗർഭാശയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കൂടാതെ കുട്ടികളിലുണ്ടാകുന്ന വിരശല്യം, ചിലതരം നേത്രരോഗങ്ങൾ എന്നിവയ്ക്കും കറ്റാർവാഴ ഉത്തമമാണ്. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന, ഗുൽമവായു, യുകൃത്പ്ലീഹാ വീക്കം എന്നീ അസുഖങ്ങൾക്ക് കറ്റാർവാഴ പോളയുടെ നീര് ദിവസേന രണ്ടുനേരം കഴിച്ചാൽ ശമനം കിട്ടുമത്രെ.

തീപ്പൊള്ളലേറ്റ ഭാഗങ്ങളിൽ ഈ ചെടിയുടെ പോളയരച്ച് ലോപനമായി പുരട്ടുന്നത് വളരെ ഫലപ്രദമാണ്. റോഡിയേഷൻ ചികിത്സയിൽ തൊലിയുടെയും ശരീരകോശങ്ങളുടെയും സംരക്ഷണത്തിന് കറ്റവാഴനീരിന്റെ ലേപം ഉപയോഗിക്കുന്നത് നല്ലതാണെന്നു ചില റഷ്യൻ പ്രസിദ്ധീകരണങ്ങളിൽ പ്രസ്താവിച്ചു കാണുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here